കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍. ട്രെയിനിലും ബസിലും മറ്റുമായി കേരളത്തിന്റെ വിവിധി ഭാഗങ്ങളില്‍ നിന്നുമെത്തിയ രണ്ടായിരത്തിലധികം വരുന്ന ആളുകളാണ് കീഴാറ്റൂരിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ഒരു കൊടിയുടേയും ചിഹ്നത്തിന്റേയും അകമ്പടിയോ തണലോ ഇല്ലാതെയാണ് മാര്‍ച്ച് നടക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് ടൗണില്‍ നിന്നുമാരംഭിച്ച് കീഴാറ്റൂരിലേക്ക് പോകുന്ന മാര്‍ച്ചില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഒരു സംഘടനയുടേയും ലേബലില്ലാതെയാണ് മാര്‍ച്ച് എന്നത് ശ്രദ്ധേയമാണ്.

അതേസമയം, കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ചും തുടര്‍ന്ന് കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വയല്‍ക്കിളി സമരത്തിന് ബദലായി സിപിഎമ്മിന്റെ നാടിന് കാവല്‍ സമരത്തിന് തുടക്കമായിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗം എംവി ഗോവിന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്. വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വര്‍ഗ്ഗീയ, തീവ്രവാദ ശക്തികളാണെന്ന് അദ്ദേഹം പറഞ്ഞു.

വയല്‍ക്കിളി സമരക്കാരുമായി ഏറ്റുമുട്ടാന്‍ സിപിഎം ഇല്ലെന്നും അത് പാര്‍ട്ടിയുടെ നയമല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് ഇല്ലാതാക്കാനാണ് ചിലര്‍ രംഗത്തു വന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജനം അത് അംഗീകരിക്കില്ലെന്നും പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെകെ രാഗേഷ് എംപി, പികെ ശ്രീമതി എംപി തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. വയല്‍ക്കിളില്‍ നാളെ രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിക്കും മുമ്പാണ് സിപിഎം ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചതും നാടിന് കാവല്‍ സമരം ആരംഭിച്ചതും.

അതേസമയം അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും എന്നാല്‍ ന്യൂനപക്ഷത്തിന് വേണ്ടി ഒരു വലിയ വികസന പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. റോഡിന് വേണ്ടി അടയാളപ്പെടുത്തിയ 45 മീറ്റര്‍ ഭൂമിയില്‍ കൊടികളും ബോര്‍ഡുകളും സ്ഥാപിച്ചായിരുന്നു സിപിഎം സമരം ആരംഭിച്ചത്. നാടിനായി ഭൂമി വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നായിരുന്നു ബോര്‍ഡുകളില്‍ എഴുതിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.