കോഴിക്കോട്: പൊലീസ് സേനയിൽ മൂന്നാം മുറ ഒഴിവാക്കാനാവാത്തതാണെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ തോട്ടത്തിൽ രവീന്ദ്രൻ. ഇന്നലെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“ഭരണത്തിലിരിക്കുമ്പോൾ മൂന്നാം മുറയെ അനുകൂലിക്കുന്നവർ പ്രതിപക്ഷത്താകുമ്പോൾ എതിർക്കുകയാണ് ചെയ്യുന്നത്. പൊലീസിലെ മൂന്നാം മുറ പൂർണമായി ഒഴിവാക്കാനാവില്ല. ഇത് അനിവാര്യമായ ഒന്നാണ്,” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇതിനെ ന്യായീകരിക്കുന്ന വിധത്തിൽ സിപിഎം മേയർ പ്രസ്താവന നടത്തിയത്. തൃശൂരിൽ വിനായകൻ കൊല്ലപ്പെട്ട സംഭവത്തിലടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാന പൊലീസിന് കൂടുതൽ കരുത്തുപകരുന്നതായി സിപിഎം നേതാവിന്റെ പ്രസംഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ