scorecardresearch

തോട്ടറ ബ്രാന്‍ഡ് അരി നാളെ മുതൽ, കിലോയ്ക്ക് 55 രൂപ

ഒമ്പത് പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് തോട്ടറ പുഞ്ച പാടശേഖരത്തിലെ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്.

thottara brand rice,

കൊച്ചി: ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി തോട്ടറ ബ്രാന്‍ഡ് കുത്തരി നാളെ വിപണിയില്‍ എത്തും. ബ്രാന്‍ഡ് പ്രഖ്യാപനവും വിപണനോദ്ഘാടനവും നാളെ നടക്കും. കൃഷി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ തോട്ടറപുഞ്ച കര്‍ഷകസമിതിയാണ് തോട്ടറ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. ജില്ലയുടെ പരിധിയില്‍ വരുന്ന കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക രംഗത്തെ സജീവമാക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികളില്‍ സുപ്രധാനനേട്ടമാണ് തോട്ടറയില്‍ കൈവരിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണാധികാരികൾ അഭിപ്രായപ്പെട്ടു.

എറണാകുളം, കോട്ടയം ജില്ലകളിലായി ഒമ്പത് പാടശേഖരങ്ങളിലായി 1082ലേറെ ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് തോട്ടറ പുഞ്ച പാടശേഖരം. 15 വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന തോട്ടറ പുഞ്ചയില്‍ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്. തോട്ടറ പുഞ്ചയുടെ സിംഹഭാഗവും എറണാകുളം ജില്ലയിലെ മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍ എന്നീ പഞ്ചായത്തുകളിലാണ്. മുണ്ടകന്‍ വിളയുന്ന പുഞ്ചയില്‍ ഒരുപ്പൂ കൃഷിമാത്രമാണ് സാധ്യമാകുന്നത്. പ്രകൃതിയോട് മല്ലിട്ട് ഈ മണ്ണില്‍ പൊന്നു വിളയിച്ചതാണ് ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും.

പുതിയകാലവും പുത്തന്‍ തൊഴില്‍ സാഹചര്യങ്ങളും പുഞ്ചകൃഷിയെ ഇടക്കാലത്ത് അനാകര്‍ഷകമാക്കിയെങ്കില്‍ പുഞ്ചയുടെ നവീകരണവും കാര്‍ഷിക സംരക്ഷണത്തിനായുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികളും നടപ്പാക്കി കാര്‍ഷിക സംസ്‌കാരത്തെ കാലോചിതമായി പുനരുജ്ജീവിപ്പിക്കാനുളള ശ്രമമാണ് ഇവിടെ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുറമേ കുടുംബശ്രീ മിഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നു. ഗുണമേന്മ ഏറെയുള്ള തോട്ടറ അരി വിപണിയില്‍ വ്യാപകമാക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കി കൃഷി പ്രോത്സാഹിപ്പിക്കുകയും ബ്രാന്‍ഡിങിലൂടെ ലക്ഷ്യമിടുന്നു. ഓയില്‍ പാം ഇന്ത്യയുടെ മോഡേണ്‍ റൈസ് മില്ലില്‍ സംസ്‌കരിച്ച അരി കിലോഗ്രാമിന് 55 രൂപയ്ക്കാണ് വിപണിയില്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുന്നത്.

വര്‍ഷത്തില്‍ പകുതിയും വെള്ളത്തിനടിയിലാകുന്നതാണ് തോട്ടറയിലെ പാടശേഖരങ്ങള്‍. ഇവിടുത്തെ . ജൈവ സമ്പന്നമായ പുഞ്ചകൃഷിയ്ക്കും നെല്ലിനും ഏറെ സവിശേഷതകള്‍ ഉണ്ട്. വളക്കൂറുള്ള മണ്ണില്‍ രാസവളപ്രയോഗം ഒഴിവാക്കാം. വരും കാലത്ത് സമ്പൂര്‍ണ്ണ ജൈവകൃഷി വ്യാപനവും സമിതി വിഭാവനം ചെയ്യുന്നു. ഭൂരിഭാഗം കൃഷിയിടങ്ങളും വെള്ളക്കെട്ട് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൃഷിയിടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനായി തോട്ടറ കനാല്‍ നവീകരിച്ചതിന് പുറമെ പാടശേഖര സമിതികള്‍ക്ക് ഒമ്പത് പമ്പുകളും നിലവില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വെള്ളം കനാലില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നതിനായി മൂന്ന് പമ്പുകള്‍ കൂടി ഉടന്‍ എത്തിക്കും. പാടശേഖരങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുലിമുഖം ബണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thottara brand rice in market puncha padasekharam kudumbasree