കലിഫോർണിയിൽ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈൽ നദിയിൽ നിന്നുമാണ് കാണാതായ സൗമ്യയുടെ(38) മൃതദ്ദേഹം കണ്ടെത്തിയത്. കൊച്ചി കാക്കനാട് പടമുകൾ സ്വദേശിനിയാണ് സൗമ്യ. ഭർത്താവ് സന്ദീപ് തോട്ടപ്പിള്ളി (42), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.
സാന്റാ ക്ലരിറ്റയിൽ താമസിച്ചിരുന്ന കുടുംബത്തെ ഏപ്രിൽ അഞ്ചിനാണു കാണാതായത്. വിനോദയാത്രയിലായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന എസ്യുവി ഏപ്രിൽ ആറിന് ഈൽ നദിയിലെ കുത്തൊഴുക്കിലേക്കു പതിച്ചുവെന്നാണ് കരുതുന്നത്. ഒരാഴ്ചയായി തെരച്ചിൽ നടത്തിവരുകയായിരുന്നു.
സാന്റാക്ലാരിറ്റയില്‍ നിന്നും ഒറേഗോണിലേക്ക് റോഡ് ട്രിപ്പ് പോയതായിരുന്നു കുടുംബം. വ്യാഴാഴ്ചവരെ ഇന്ത്യയിലുള്ള കുടുംബവുമായി നാലുപേരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കേണ്ടിയിരുന്ന തോട്ടപ്പിള്ളി കുടുംബാംഗങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്.
യൂണിയന് ബാങ്ക് ട്രഷറി ടെക്നോളജി വൈസ് പ്രസിഡന്റ് ആയ സന്ദീപ് തോട്ടപ്പിള്ളിയുടെ അച്ഛനും അമ്മയും ഗുജറാത്തിലാണ് കഴിയുന്നത്. ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം നേരത്തെ കൊഗ്നിസെന്റ് ടെക്നോളജിയിലും ജോലിയെടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽനിന്നും മനസിലാകുന്നത്.
മകനെയും കുടുംബത്തേയും കാണാതായതിനെ തുടര്‍ന്ന് സന്ദീപിന്റെ അച്ഛന് തോട്ടപ്പിള്ളി ബാബു സുബ്രഹ്മണ്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി അമേരിക്കന്‍ പൊലീസിനെ ബന്ധപ്പെടും എന്നും കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിരുന്നു.