തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ശശി തരൂർ അടക്കമുള്ള 23 നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത് വിവാദമായതിനു പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ നിർദേശം.
സംഘടനാകാര്യങ്ങളിൽ പരസ്യ പ്രസ്താവന വേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. “സംഘടനാപരമായ കാര്യങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസി നിർദേശം എല്ലാവരും പാലിക്കണം. ഉൾപ്പാർട്ടി ജനാധിപത്യം പൂർണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടി വേദികളിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്,” മുല്ലപ്പള്ളി പറഞ്ഞു.
Read More: അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ ബിജെപിക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് സിപിഎം
ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയക്കാരനല്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ഇന്നലെ പരസ്യമായി ആക്ഷേപമുന്നയിച്ചിരുന്നു. “ശശി തരൂർ രാഷ്ട്രീയക്കാരനല്ല. പാർട്ടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതുകൊണ്ടാണ് പല കാര്യങ്ങളിലും എടുത്തുചാട്ടം കാണിക്കുന്നത്. കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത്. അദ്ദേഹം ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റിനെപ്പോലെയാണ് നിൽക്കുന്നത്,” കൊടിക്കുന്നിൽ പരിഹസിച്ചു.