/indian-express-malayalam/media/media_files/uploads/2019/10/Joli-Murder-Case.jpg)
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ട്രോളുകളുണ്ടാക്കുന്നവർ സ്ത്രീസമൂഹത്തെ ഒട്ടാകെ അധിക്ഷേപിക്കുകയാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. മുഴുവൻ സ്ത്രീകളെയും ആക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും പരിഹാസങ്ങളും വേദനാജനകമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍ പറഞ്ഞു.
അറസ്റ്റിലായ ജോളിയുടെ പേരിലാണ് ഇത്തരം ട്രോളുകള്‍. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും കമ്മിഷന്‍ പറഞ്ഞു.
പ്രണയം നിരസിച്ചതിന്റെ പേരിലും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരെയും ഭാര്യമാരെയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പുരുഷസമൂഹത്തെ ഒട്ടാകെ കൊലയാളികളായി ആരും മുദ്രകുത്തിയിട്ടില്ല.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അതേസമയം രണ്ടാം ഭർത്താവ് ഷാജുവിനെയും ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺന്റെ ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ജോളി പൊലീസിനു മൊഴി നൽകിയെന്ന റിപ്പോർട്ടുകളുണ്ട്. ജോൺസണെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും ഇതിനായി ഭാര്യയെ കൊല്ലാൻ ശ്രമിച്ചതായും ജോളി പറഞ്ഞതായാണു റിപ്പോർട്ട്.
തെളിവെടുപ്പിനായി ജോളിയെ കഴിഞ്ഞ ദിവസം പൊന്നാമറ്റം വീട്ടിൽ എത്തിച്ചിരുന്നു. തെളിവെടുപ്പിൽ സയനൈഡ് എന്ന് സംശയിക്കുന്ന പൊടി കണ്ടെത്തിയതായാണു വിവരം. ഇത് പരിശോധനയ്ക്കായിഫോറൻസിക് ലാബിലേക്ക് അയച്ചു.
കനത്ത പൊലീസ് സുരക്ഷയിലാണു ജോളിയെ പൊന്നാമറ്റത്ത് എത്തിച്ചത്. എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണു പ്രതികളെ കൂടത്തായിയിലേക്ക് എത്തിച്ചത്. ജോളിയെ വീടിനുള്ളിൽ ഇരുത്തിയാണു പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നത്. പുറത്തിറക്കിയാൽ ജനക്കൂട്ടം കൂടുതൽ പ്രകോപിതരാകുമെന്നതിനാലാണിത്. ജോളി പറയുന്നതിനനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്.
നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മനോരമ ന്യൂസും മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. റൂറല്‍ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷമുള്ള വിവരങ്ങളാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
അന്നമ്മയ്ക്കു നല്‍കിയത് കീടനാശിനിയാണെന്നാണു ജോളി മൊഴിനൽകിയതായാണു വിവരം. മറ്റ് നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.