തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയവർ 14 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ളവർ രക്തദാനം ചെയ്യരുതെന്നും നിർദേശമുണ്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്ന കോണ്ടൊട്ടിയിൽ രോഗികളുടെ എണ്ണം കൂടുതലാണ്. ഇവിടെ കണ്ടെയ്ൻമെന്റ് സോണുമാണ്.

രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽനിൽക്കണമെന്നും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Read More: വിമാനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ശ്രദ്ധിക്കുക

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.

“കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്. പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണം,” ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read More: ‘നിങ്ങൾ അഭിമാനമാണ്; രക്ഷാപ്രവർത്തകർക്ക് കോവിഡ് വന്നാൽ ഞങ്ങൾ നോക്കും’

കോവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികൾ. ഗൾഫിൽ നിന്ന് വന്നവരിൽ കോവിഡ് പോസിറ്റീവ് രോഗികളുണ്ടെങ്കിൽ സ്ഥിതി സങ്കീർണമാകും. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധയാ നിരീക്ഷണത്തിനു വിധേയമാകണമെന്നു ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അടിയന്തര സാഹചര്യമായതിനാൽ കോവിഡ് പ്രോട്ടോകോൾ നോക്കാതെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതെന്നും അതിനാൽ അവരെല്ലാം അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ഏ.സി.മൊയ്‌തീൻ പറഞ്ഞു.

അതേസമയം, വിമാനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ടയാൾക്കും കോവിഡ് ഉണ്ടെന്നാണ് പ്രാഥമിക വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.