ഇടിമുഴങ്ങുന്ന പകിസ്ഥാൻ എന്ന് വിളിച്ച് കേരളത്തെ അപമാനിച്ച ടൈംസ് നൗ ചാനലിനെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിന് അർഹിക്കുന്ന മറുപടിയുമായി മലയാളി ട്വിറ്റർ ഉപഭോക്താക്കൾ രംഗത്ത്. ‘തൊരപ്പന്‍ രാജീവ്’ എന്ന ടാഗിലൂടെ രാജീവ് ചന്ദ്രശേഖറിന് ട്വിറ്ററിൽ ട്രോൾ പൂരം ഒരുക്കിയിരിക്കുകയാണ് മലയാളികൾ. ‘അലവലാതി ഷാജി’ എന്ന ഹാഷ്ടാഗിന് ശേഷം ബിജെപിക്ക് തിരിച്ചടിയായി ‘തൊരപ്പൻ രാജീവും’ ട്വീറ്ററില്‍ നിറയുകയാണ്. അമിത് ഷായുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവതരിച്ച ‘അലവലാതി ഷാജി’ ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.

കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോഴായിരുന്നു അതിനെ അനുകൂലിച്ച് രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറുടെ ട്വീറ്റ്. കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയാണ് തന്റെ ആഗ്രഹമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ ട്രോളിയാണ് മലയാളികള്‍ തൊരപ്പൻ രാജീവിന് തിരി കൊളുത്തിയിരിക്കുന്നത്.

ലക്ഷ്മി കാനാത്ത് എന്ന ട്വിറ്റര്‍യൂസറുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജീവ് ചന്ദ്രശേഖർ ടൈംസ് നൗ ചാനലിനെ അനുകൂലിച്ച് ട്വിറ്ററിലെത്തിയത്. ‘പാകിസ്താന്‍ എന്ന് തന്നെയാണ് കേരളം വിളിക്കപ്പെടേണ്ടത്’ എന്ന ട്വീറ്റിന് താഴെയായിരുന്നു സ്‌മൈലികളുമായി രാജീവ് ചന്ദ്രശേഖര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും മറുപടി ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

രാജീവിന്റെ ട്വീറ്റിനെതിരെ ലോക്‌സഭാ എംപി ശശി തരൂര്‍ രൂക്ഷവിമര്‍ശനമുയർത്തിയിരുന്നു. ഇതൊരു അധിക്ഷേപമാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും തരൂര്‍ ട്വിറ്ററിലൂടെ വിമർശിച്ചു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്നായിരുന്നു ടൈംസ് നൗ ചാനലില്‍ എഴുതി കാണിച്ചത്. സംഭവത്തിൽ ചാനൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ