കൊച്ചി: യാക്കോബായ സഭയില്‍ കോട്ടയം ബിഷപ്പ് തോമസ് മോര്‍ തീമോത്തിയോസ് പക്ഷത്തിന് ആധിപത്യം. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ നടന്ന സിനഡില്‍ യാക്കോബായ സഭയുടെ സൂനഹദോസ് സെക്രട്ടറിയായി തോമസ് മോര്‍ തീമോത്തിയോസ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഭയുടെ പ്രധാന സ്ഥാനങ്ങളില്‍ തീമോത്തിയോസ് പക്ഷം പിടിമുറുക്കിയത്. പുതിയ സിനഡ് സെക്രട്ടറിയായി കാതോലിക്കാ ബാവ പെരുമ്പാവൂര്‍ ബിഷപ്പ് തോമസ് മാര്‍ അപ്രേമിനെ നിര്‍ദേശിച്ചെങ്കിലും സിനഡില്‍ പങ്കെടുത്ത മെത്രാപ്പോലീത്തമാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് മെത്രാപ്പോലീത്തമാര്‍ തോമസ് മോര്‍ തീമോത്തിയോസിന്റെ പേരു നിര്‍ദേശിക്കുകയും ഒടുവില്‍ തീമോത്തിയോസിനെ തെരഞ്ഞെടുത്തതായി സൂനഹദോസ് അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ 22 നു യാക്കോബായ സഭയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തീമോത്തിയോസ് പക്ഷമാണ് വിജയിച്ചത്. 15 അംഗ വര്‍ക്കിംഗ് കമ്മിറ്റിയില്‍ കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തീമോത്തിയോസ് പക്ഷത്തു നിന്നുള്ള 9 പേരാണ് ജയിച്ച് അധികാരത്തിലെത്തിയത്. നവംബര്‍ 19-നു നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ കാതോലിക്കാ ബാവയുടെ പക്ഷത്തുനിന്നുമുള്ള രണ്ടുപേരും തീമോത്തിയോസ് പക്ഷത്തുനിന്നുമുള്ള രണ്ടുപേരുമാണ് വിജയിച്ചത്. കാതോലിക്കാ ബാവ പക്ഷവും തീമോത്തിയോസ് പക്ഷവും ചേരി തിരിഞ്ഞു നടത്തിയ മത്സരത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പു നടത്തിയത്. അതേസമയം തോമസ് മോര്‍ തീമോത്തിയോസിന്റെ സിനഡ് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് യാക്കോബായ സഭയില്‍ ജനാധിപത്യം കൈവരുന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് യാക്കോബായ സഭ മുന്‍ മുഖ്യ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. സഭയിലെ ഏറ്റവും നിര്‍ണായക പദവികളിലൊന്നാണ് സൂനഹദോസ് സെക്രട്ടറി. സൂനഹദോസ് വിളിച്ചുകൂട്ടുന്നതും സൂനഹദോസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമെല്ലാം സൂനഹദോസ് സെക്രട്ടറിയാണെന്നതുകൊണ്ടു തന്നെ മോര്‍ തീമോത്തിയോസിന്റ നിയമനത്തിന് ഏറെ പ്രധാന്യമുണ്ട്. ഫാദര്‍ കല്ലാപ്പാറ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന സൂനഹദോസില്‍ സഭയുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തുന്നതിനുള്ള ലീഗല്‍സെല്ലിലും മാറ്റം വരുത്തി. കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമനാണ് ഏഴംഗ പുതിയ ലീഗല്‍ സെല്ലിന്റെ ചെയര്‍മാന്‍. തോമസ് മാര്‍ തീമോത്തിയോസ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം 19-ന് മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നെങ്കിലും ഇതുവരെ നിലവിലുള്ള ഭരണ സമിതി അധികാരം കൈമാറിയിരുന്നില്ല. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന സൂനഹദോസില്‍ പങ്കെടുത്ത മെത്രാപ്പോലീത്തമാരുടെ ആവശ്യത്തെ തുടര്‍ന്ന് ജനുവരി പത്തിന് മാനേജിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് കമ്മിറ്റിയും വിളിച്ചുകൂട്ടി അധികാരം കൈമാറാനും സൂനഹദോസില്‍ തീരുമാനമായി. തോമസ് മോര്‍ തീമോത്തിയോസിന്റെ സൂനഹദോസ് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള നിയമനം യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് പുതിയ വൈദിക ട്രസ്റ്റി ഫാദര്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ പറഞ്ഞു. കേസുകള്‍ നന്നായി നടത്തുക സഭയുടെ സ്ഥാപനങ്ങളെല്ലാം വീണ്ടും സഭയുടെ കീഴിലാക്കുക എന്നിവയാണ് പുതിയ നേതൃത്വത്തിന്റെ ദൗത്യങ്ങള്‍, ഫാ വട്ടവേലില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.