തിരുവനന്തപുരം: താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭയ കൊലക്കേസ് പ്രതി ഫാദർ തോമസ് കോട്ടൂർ. തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കേസിൽ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താൻ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂർ മാധ്യമങ്ങളോട് പറഞ്ഞു.
“ദൈവം എന്റെ കൂടെയുണ്ട്. ഞാൻ ദൈവത്തിൽ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാൻ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാൻ പ്രവർത്തിക്കും,” തോമസ് കോട്ടൂർ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂർ മറുപടി നൽകിയത്. താൻ ദൈവത്തിൽ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂർ ആവർത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: അഭയ കൊലക്കേസ്: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, നാടകീയ രംഗങ്ങൾ
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റർ സെഫി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിസ്റ്റർ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയർത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി നൽകിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.
Read Also: സംഭവബഹുലമായ 28 വർഷം; അഭയ കേസ് നാൾവഴികളിലൂടെ
അതേസമയം, സിസ്റ്റർ അഭയ കൊലക്കേസ് വിധി പുറപ്പെടുവിച്ച തിരുവനന്തപുരം സിബിഐ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിധി കേൾക്കുന്ന നേരത്ത് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പൊട്ടിക്കരഞ്ഞു. ഇരുവർക്കും ഒപ്പമുണ്ടായിരുന്നവരും കോടതി വിധി കേട്ട് കരഞ്ഞു. വിധി പ്രസ്താവത്തിനു അരമണിക്കൂർ മുൻപാണ് പ്രതികളെ കോടതിയിലെത്തിച്ചത്. സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയാണെന്നും തോമസ് കോട്ടൂർ, സെഫി എന്നിവർ പ്രതികളാണെന്നും കോടതി വിധിച്ചു. ഇരുവർക്കുമുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റുക.