ആലപ്പുഴ: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. മൂക്കറ്റം കടമെടുത്ത് നിൽക്കുന്ന സർക്കാർ എങ്ങനെയാണു ഖജനാവിൽ പണം മിച്ചവയ്ക്കുന്നതെന്ന ചോദ്യത്തിനും കെഎസ്ഇബി അദാനിയുമായി കരാർ വച്ചുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും മറുപടിയുമായാണ് തോമസ് ഐസക്ക് രണ്ട് കുറിപ്പുകൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. കെഎസ്ഇബി ആരോപണത്തിൽ, പ്രതിപക്ഷ നേതാവിന്റെ വാർത്ത സമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ മാലിന്യ പ്രശ്നമായെന്ന് തോമസ് ഐസക്ക് പറയുന്നു.
തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പൂർണ രൂപം:
ഇത്രയും കാലം പ്രതിപക്ഷ നേതാവായിരിന്നിട്ടും ശ്രീ. രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്‌മെൻ്റിനെക്കുറിച്ച് ഒന്നും പഠിച്ചില്ല എന്നത് എന്നെ അത്ഭുതപെടുത്തുന്നില്ല.
“മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി മിച്ചം വയ്ക്കും എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന സംശയം. ഈ മാർച്ച് 30 ന് 4000 കോടി രൂപ കടമെടുത്തു. അത് ട്രഷറിയിലിട്ടശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. തമാശ അവിടെയും തീരുന്നില്ല. രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാൻ കഴിയുമെന്നാണ് ധനമന്ത്രി പറയുന്നത്. അതുംകൂടി ചേർത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേർത്ത് മിച്ചമുണ്ടെന്ന് പറയുക” ഇതൊക്കെയാണ് പരിഹാസരൂപത്തിലുള്ള അദ്ദേഹത്തിൻ്റെ ആരോപണങ്ങൾ.
പ്രിയ പ്രതിപക്ഷ നേതാവേ അങ്ങേയ്ക്ക് ഇവ എഴുതി നൽകുന്ന അല്ലെങ്കിൽ ഇക്കാര്യങ്ങളിൽ അങ്ങയെ ഉപദേശിക്കുന്ന ആൾക്കാർക്കു ബുദ്ധിക്ക് അഞ്ചു പൈസയുടെ കുറവുണ്ടെന്ന് തോന്നുന്നു. സംസ്ഥാന സർക്കാരിലേക്ക് വരുന്ന എല്ലാ വരുമാനവും സഞ്ചിത നിധിയിലേക്ക് വന്നു സംസ്ഥാന സർക്കാരിൻ്റെ വരുമാനമായാണ് കണക്കാക്കുന്നത്. അല്ലാതെ പ്രതിപക്ഷനേതാവ് ധരിച്ചു വെച്ചിരിക്കുന്നതുപോലെ കടം വഴി എടുക്കുന്ന വരുമാനം ഒരു ബോക്സിലും നികുതി വരുമാനം മറ്റൊരു ബോക്സിലുമല്ല വന്നു വീഴുന്നത്.
സഞ്ചിതനിധിയിൽ വരുന്ന എല്ലാ തുകകളും സർക്കാരിൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന മേഖലകളിൽ ചിലവഴിക്കാൻ കേരളത്തിലെന്നല്ല മറ്റു സംസ്ഥാനങ്ങളിലോ ഇനി കേന്ദ്ര സർക്കാരിനു തന്നെയോ യാതൊരു നിയന്ത്രണങ്ങളുമില്ല. അങ്ങനെ ചിലവഴിച്ചു ബാക്കിയുള്ള തുക സാമ്പത്തിക വർഷാവസാനം നോക്കുന്നതിനെയാണ് ട്രഷറി മിച്ചം എന്ന് പറയുക. ഇന്ന് അതിൻ്റെ അവസാന കണക്ക് പുറത്തു വന്നു. മാർച്ച് 31 ന് ട്രഷറിയിൽ 2808 കോടി രൂപ ബാക്കിയുണ്ടായിരുന്നു. ഈ വർഷം കടമെടുക്കാതെ അടുത്ത വർഷത്തെ വരുമാനമായി മാറ്റി വെച്ചത് 2128 കോടി. അങ്ങനെ ഈ സാമ്പത്തിക വർഷമാദ്യം സർക്കാരിനു ചിലവഴിക്കാൻ സുമാർ 4936 കോടി രൂപയുണ്ടായിരുന്നു. ഇതിൽ നിന്ന് ശമ്പളവും പെൻഷനും ആദ്യ ദിവസം വിതരണം ചെയ്തു കഴിഞ്ഞ് ഇന്ന് ബാക്കിയുള്ളത് 628 കോടി രൂപ. ഇന്ന് 2806 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള ക്യാഷ് മാനേജ്‌മെൻ്റിനായാണ് തുക കടമെടുക്കാതെ മാറ്റിവെച്ചിരുന്നത്. ഫിസ്കൽ മോണിറ്ററി നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി പഠിച്ച് ഹോം വർക്ക് ചെയ്താലേ ഇതൊക്കെ കൃത്യമായി മാനേജ് ചെയ്യാൻ കഴിയൂ. പ്രതിപക്ഷ നേതാവ് ഉണ്ടായില്ലാ വെടിപോലെ താങ്കൾ ആരോപണങ്ങൾ ഉന്നയിക്കുംപോലെ എളുപ്പമല്ല ഈ കാര്യങ്ങൾ.
ആളോഹരി കടം തൊണ്ണൂറായിരം രൂപ .വസ്തുതാപരമായി തെറ്റാണെങ്കിലും എന്താണ് ആളോഹരികടംകൊണ്ട് അർത്ഥമാക്കുന്നത്? ആളോഹരികടമെന്നാൽ ഒരു സംസ്ഥാനത്തിൻ്റെ ആകെ കടത്തെ അവിടുത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ്. കടത്തിൻ്റെ ബാഹുല്യത്തെ സൂചിപ്പിക്കാനാണ് അതുപയോഗിക്കുന്നത്. അല്ലാതെ അത്രയും കടം ഓരോരുത്തരുടെയും പേരിലുണ്ട് എന്നല്ല. എന്നാൽ ആളോഹരി കടം പറഞ്ഞു പേടിപ്പിക്കുന്ന പ്രതിപക്ഷനേതാവ് പക്ഷെ ആളോഹരി വരുമാനത്തെക്കുറിച്ച് ഒന്നും തന്നെ പറയില്ല. പ്രാഥമിക കണക്കുകൾ പ്രകാരം കേരളതിൻ്റെ 2019-20 ലെ ആളോഹരി വരുമാനം 2,21,904 രൂപയും ആളോഹരി കടം ഏകദേശം 74,563 രൂപയുമാണ്. അപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ യുക്തിയനുസരിച്ചാണെങ്കിൽ ആളോഹരി വരുമാനത്തിൻ്റെ ഏകദേശം മൂന്നിലൊന്നാണ് ആളോഹരി കടം. മറ്റു സംസ്ഥാനങ്ങളുടെ കാര്യവും ഏകദേശം ഇതുപോലെയാണ്. പ്രതിപക്ഷ നേതാവിൻ്റെ പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ ആളോഹരി വരുമാനം കേരളത്തേക്കാൾ കുറവാണ്. 1,61,083 രൂപ. പക്ഷെ ആളോഹരി കടം കേരളത്തേക്കാൾ കൂടുതലും. 76,260 രൂപ!
ഇനി ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളുടെ കാര്യം നോക്കിയാലോ? ജപ്പാൻ്റെ ആളോഹരി കടം 90345 ഡോളർ. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 66,74,689 രൂപ! അമേരിക്കയുടേത് 59210 ഡോളർ. അതായത് 43,74,435 രൂപ. ആളോഹരി കടത്തിലൊന്നും വലിയ കാര്യമില്ല പ്രതിപക്ഷനേതാവേ. കടമെടുത്ത പണം ജനങ്ങളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി. അതിന് ഈ സർക്കാർ പ്രത്യേകിച്ച് തെളിവു തരേണ്ട കാര്യമില്ല. താങ്കളുടെ മണ്ഡലത്തിലുൾപ്പെടെയുള്ള സ്‌കൂളുകളും റോഡുകളും ആശുപത്രികളും നോക്കിയാൽ മതി.
ഒരു സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒ.പി. ഒളശ്ശ എന്ന കഥാപത്രം പറഞ്ഞതുപോലെ “ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?”
ഇത്രയും കാലം പ്രതിപക്ഷ നേതാവായിരിന്നിട്ടും ശ്രീ. രമേശ് ചെന്നിത്തല സംസ്ഥാന സർക്കാരിൻ്റെ ധനകാര്യ മാനേജ്‌മെൻ്റിനെക്കുറിച്ച്…
Posted by Dr.T.M Thomas Isaac on Saturday, April 3, 2021
സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ. നുണകൾ ആവർത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാർഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാകണോ?
അദ്ദേഹം പറയുന്ന നുണയുടെ ഒരു സാംപിൾ ഇതാ. ഇന്നത്തെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിങ്ങനെ.
“കെഎസ്ഇബി ഫെബ്രുവരി 15 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജൻഡ 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്”.
ഈ മിനിട്സ് കെഎസ്ഇബിയുടെ സൈറ്റിൽ ആർക്കും ലഭ്യമാണ്. അതിൽ അജണ്ട 47.2.2021 എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കൂ.
“Resolved to authorize the Deputy Chief Engineer (Commercial and Planning) with full powers of CE to issue Letter of Award to the successful bidders, namely GMR Energy Trading Ltd. (GMRETL), Adani Enterprises Ltd. (AEL) and PTC India Ltd. (PTC) as per Table 1, Table 2 and Table 3 attached clearly mentioning that the same is subject to the approval of KSERC”.
ഈ അജണ്ട പ്രകാരം ലേലം കൊണ്ടവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തകയാണ് ഫുൾടൈം ഡയറക്ടർ ബോർഡ് ചെയ്തത്. ആരൊക്കെയാണ് ലേലം കൊണ്ടത്? ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ്, പിടിസി ഇന്ത്യാ ലിമിറ്റഡ് എന്നിവർ.
ഇതിൽ നിന്ന് എന്തു മനസിലാക്കാം? ഏപ്രിൽ മെയ് മാസങ്ങളിലെ അടിയന്തരാവശ്യം നേരിടാൻ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി തീരുമാനിച്ചു. നേരെ അദാനിയുടെ കടയിൽ ചെന്ന് നിന്ന് വൈദ്യുതി പൊതിഞ്ഞു വാങ്ങി പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവരികയല്ല ചെയ്തത്. അതിന് DEEP എന്ന പോർട്ടൽ വഴി ലേലം വിളിച്ചു. വൈദ്യുതി വാങ്ങുന്നതിന് കേന്ദ്രസർക്കാർ ഉണ്ടാക്കിയ സംവിധാനമാണ് ഈ പോർട്ടൽ. അതുവഴിയേ ടെൻഡർ ക്ഷണിക്കാൻ പറ്റൂ.
ആ ടെൻഡറിൽ ഏറ്റവും കുറച്ച് ക്വോട്ടു ചെയ്തത് ജിഎംആർ എനർജി ട്രേഡിംഗ് ലിമിറ്റഡ്. രണ്ടാംസ്ഥാനത്ത് അദാനി എന്റർപ്രൈസസ്, മൂന്നാം സ്ഥാനത്ത് പിടിസി ഇന്ത്യാ ലിമിറ്റഡ്. അവർക്കു മൂന്നുപേർക്കും ലെറ്റർ ഓഫ് അവാർഡ് നൽകാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാജ്യത്തിന് നിലവിലുള്ള നിയമവും കീഴു്വഴക്കങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചു തന്നെയാണ് ഇതൊക്കെ ചെയ്തത്.
ഇത് കെഎസ്ഇബി എല്ലാവർഷവും ചെയ്യുന്നതാണ്. എല്ലാവർഷവും വേനൽക്കാലത്ത് വൈദ്യുതിയുടെ കുറവ് ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ വൈദ്യുതി ഇങ്ങനെ തന്നെയാണ് വാങ്ങുന്നത്. കേന്ദ്രസർക്കാർ സജ്ജീകരിച്ച പോർട്ടലിൽ ടെൻഡർ വിളിക്കും. കുറഞ്ഞ തുക ക്വോട്ടു ചെയ്യുന്നവരിൽ നിന്ന് വൈദ്യുതി വാങ്ങും. അത്രയേ ഇപ്പോഴും നടന്നിട്ടുള്ളൂ. അതിൽ നിന്നൊരു വിവാദമുണ്ടാക്കാനുള്ള പാഴ്ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.
ഇക്കൊല്ലം 100 മെഗാവാട്ട് വൈദ്യുതി വീതം പീക്ക് ടൈമിലും പകൽ സമയത്തേയ്ക്കും വാങ്ങാൻ ടെൻഡർ വിളിച്ചു. ടെൻഡറിൽ പങ്കെടുത്തവരിൽ ഏറ്റവും തുക ക്വോട്ടു ചെയ്തവർക്ക് ലെറ്റർ ഓഫ് അവാർഡ് നൽകി. ആ പട്ടികയിൽ നിന്ന് അദാനിയുടെ പേരു മാത്രം ചൂണ്ടിയെടുത്ത് നട്ടാൽകുരുക്കാത്ത നുണകൾ പ്രതിദിനം പടച്ചു വിടുകയാണ് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പു പ്രമാണിച്ച് അദ്ദേഹത്തിന്റെ നുണ നിർമ്മാണ ഫാക്ടറി ഓവർടൈം പണിയെടുക്കുന്നുണ്ട്.
ഒരു ദിവസം പോയിട്ട്, ഒരു മണിക്കൂർ പോലും നിലനിൽക്കാത്ത നുണകളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വിളിച്ചു പറയുന്നത്. അദാനിയ്ക്ക് 1000 കോടി കിട്ടുമെന്നും 8850 കോടിയുടെ കച്ചവടം എന്നുമൊക്കെ ഇന്നലെ അദ്ദേഹം തട്ടിവിടുന്നുണ്ടായിരുന്നു. ഏതായാലും ഇന്നത്തെ പത്രസമ്മേളനത്തിൽ അതൊക്കെ വിഴുങ്ങിയിട്ടുണ്ട്.
അദാനിയും കെഎസ്ഇബിയും തമ്മിൽ എന്തോ കരാറുണ്ടാക്കിയെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അങ്ങനെയൊരു കരാറേയില്ല എന്ന് വൈദ്യുതി മന്ത്രി മിനിട്ടുകൾക്കകം തിരിച്ചടിച്ചു. ഇന്നദ്ദേഹം ഉരുണ്ടുകളിക്കുന്നതു നോക്കൂ. “കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല പോലും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നല്ലല്ലോ പ്രതിപക്ഷ നേതാവേ മണിയാശാൻ പറഞ്ഞത്. കരാറേയില്ലെന്നല്ലേ. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും കെഎസ്ഇബിയും തമ്മിലാണ് കരാർ. ഇന്നലെ ഉത്തരവാദിത്തമുള്ളവരെല്ലാം ഔദ്യോഗികമായി അക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഒഴിഞ്ഞു മാറിയും ഉരുണ്ടു കളിച്ചും പറഞ്ഞതു വിഴുങ്ങിയും ശവാസനവും ശീർഷാസനവും സമാസമം പയറ്റിയും നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്. രണ്ടും കൽപ്പിച്ചുള്ള ഈ അഭ്യാസം തന്നെ എവിടെയെങ്കിലുമെത്തിക്കുമെന്ന് അദ്ദേഹം ആത്മാർത്ഥമായും വിശ്വസിക്കുന്നുണ്ടാകാം. ഏതായാലും രണ്ടു ദിവസം കൂടി ഈ ഫാക്ടറി പ്രവർത്തനം കേരളം സഹിക്കേണ്ടി വരും.
സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ. നുണകൾ…
Posted by Dr.T.M Thomas Isaac on Saturday, April 3, 2021