തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ധനമന്ത്രി തോമസ് ഐസകിന്റെ മറുപടി. പ്രമുഖ ഗ്ലോബല്‍ ഫണ്ടിംഗ് സ്ഥാപനമായ സിഡിപിക്യു കമ്പനിക്ക് ലാവ്‌ലിനുമായി ബന്ധമില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിച്ച കമ്പനിയാണിത്. ഇന്ത്യയില്‍ പല നിക്ഷേപങ്ങളും സിഡിപിക്യു നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ പ്രവര്‍ത്തനം അമ്പരപ്പിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആരോപണം നടത്തുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കാലത്ത് നാല് വോട്ട് കിട്ടാനാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിക്കുന്നത്. ബിജെപി ഉന്നയിക്കുന്ന വില കുറഞ്ഞ ആരോപണങ്ങൾ പ്രതിപക്ഷനേതാവും ഏറ്റെടുത്ത് പറയുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
Read More: കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം നടത്തിയത് ലാവ്‌ലിന്റെ കമ്പനിയെന്ന് ചെന്നിത്തല
കിഫ്ബിയുടെ ബോണ്ടുകളില്‍ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ബന്ധമുള്ള കനേഡിയൻ കമ്പനിയായ സിഡിപിക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് ലാവ്‌ലിന്‍ അങ്ങനെയുള്ള കമ്പനിയുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സര്‍ക്കാരിന്റെ മസാല ബോണ്ടുകളില്‍ നിക്ഷേപം നടത്തുമെന്ന് ചെന്നിത്തല ചോദിച്ചു. ഇതിന് പിന്നില്‍ ഒത്തുകളിയും വന്‍ അഴിമതിയുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.