കൊച്ചി: മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തില്‍ നിന്നു പിന്മാറാന് തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാര്‍ട്ടി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു വരുമ്പോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയതെന്നും തോമസ് ഐസക് പോസ്റ്റില്‍ പറയുന്നു.
മാഹി പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് മണിക്കൂറുകള്‍ പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചിരുന്നു. പള്ളൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജുമാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബാബുവിനെ മാഹി പള്ളൂരില്‍ വച്ച് വീട്ടിലേക്ക് പോവും വഴി ഒരു സംഘം അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തില്‍ നിന്നു പിന്മാറാന് തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ്എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം. പാര്‍ട്ടി പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ ആ സഖാവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രദേശവാസികള്‍ക്കാകെ പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനായിരുന്നു ആ സഖാവ്. തിരഞ്ഞെടുപ്പു വരുമ്പോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്.
സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തില്‍ നാമിന്നു കാണുന്ന സമാധാനവും സഹവര്‍ത്തിത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളില്‍ ചോരയില്‍ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സിപിഎം പ്രവര്‍ത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നില്‍ക്കേണ്ടതുണ്ട്.
സഖാവ് ബാബുവിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും അഗാധ ദുഃഖത്തില്‍ പങ്കുചേരുന്നു. പിന്തിരിയാന് മനസില്ലാത്ത പോരാട്ടവീര്യത്തിന്റെ നിത്യസ്മരണയായി സഖാവ് ബാബുവിന്റെ ഓർമകള്‍ എന്നും നമുക്കൊപ്പമുണ്ടാകും. ലാല്‍സലാം, സഖാവേ… ലാല്‍സലാം.