ആലപ്പുഴ: ഒരുകാലത്ത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തായിരുന്നു കെ.ആർ.ഗൗരിയമ്മ. പാർട്ടിയുമായി തെറ്റി സ്വന്തമായി പുതിയ പ്രസ്ഥാനം രൂപീകരിച്ചപ്പോഴും എതിർചേരിയിൽ മത്സരിച്ചപ്പോഴും പല സിപിഎം നേതാക്കന്മാരുമായും ഗൗരിയമ്മ സ്നേഹവും സൗഹൃദം പുലർത്തിയിരുന്നു. അവർ തിരിച്ചും.
ഇതുകൊണ്ട് തന്നെയാണ് ഗൗരിയമ്മ തന്നെക്കുറിച്ച് തിരക്കി എന്ന് അറിഞ്ഞപ്പോൾ തന്നെ ധനമന്ത്രി തോമസ് ഐസക്ക് അവരെ കാണാനായി ഓടി എത്തിയത്. എന്നാൽ ഇഷ്ടക്കാരോട് കാണിക്കാറുള്ള പതിവ് കടുപ്പം തോമസ് ഐസക്കിനോടും ഗൗരിയമ്മ ആവർത്തിച്ചു.
തന്നോടൊന്നു ഫോണ്‍ ചെയ്യാന്‍ അല്ലേ പറഞ്ഞുള്ളൂ. ഇങ്ങോട്ട് ഓടി വരാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ല എന്ന് പറഞ്ഞായിരുന്നു ഗൗരിയമ്മ തോമസ് ഐസക്കിനെ സ്വീകരിച്ചത്. മന്ത്രി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. അടുത്ത പരിപാടി എന്താണെന്ന് ചോദിച്ച ഗൗരിയമ്മയോട് ജില്ലാ കമ്മിറ്റിയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രാസംഗികർക്ക് ക്ലാസ് എടുക്കണമെന്ന് മന്ത്രി. കേട്ടപാടെ ഗൗരിയമ്മയുടെ മറുപടി “എന്നാല്‍ താന്‍ വേഗം ചെല്ലൂ”.