തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി പിഎസ്‌സി നിയമനങ്ങൾ തടഞ്ഞുവയ്‌ക്കുകയോ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുകയോ ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. “വിരമിക്കൽ പ്രായം കൂട്ടില്ലെന്ന് അസന്നിഗ്ധമായി പറയുന്നു. ഒഴിവുള്ള എല്ലാ തസ്‌തികകളിലേക്കും പിഎസ്‌സി വഴി നിയമനങ്ങൾ നടത്തും,” തോമസ് ഐസക് പറഞ്ഞു.

‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പാക്കേജിലെ ചില പ്രഖ്യാപനങ്ങളെ ധനമന്ത്രി തോമസ് ഐസക് സ്വാഗതം ചെയ്‌തു. സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി ഉയർത്തിയത് മൂലം ഭരണസ്‌തംഭനം ഒഴിവാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കടമെടുക്കാനുള്ള ഉപാധികളിൽ മാറ്റം വേണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിക്ക് അധികവിഹിതം അനുവദിച്ച കേന്ദ്ര നിലപാട് സ്വാഗതാർഹമെന്നും തോമസ് ഐസക് പറഞ്ഞു.

Read Also: ഹർഭജനിട്ട് രണ്ട് കൊടുക്കാൻ ഞാൻ ഹോട്ടൽ മുറിയിലേക്ക് പോയി; അക്‌തറിന്റെ വെളിപ്പെടുത്തൽ

നിർമലയുടെ പ്രഖ്യാപനങ്ങൾ

ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമല സീതാരാമൻ. 20 ലക്ഷം കോടി പാക്കേജിന്റെ അഞ്ചാം ഘട്ടമാണിത്. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങൾ എടുത്തുപറഞ്ഞാണ് ധനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. രാജ്യം പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങൾ ധനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. സ്വയം പര്യാപ്‌തതയുള്ള ഇന്ത്യയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയതെന്നും നിർമല പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് അധിക വിഹിതം

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ അധിക വിഹിതം അനുവദിച്ചതായി ധനമന്ത്രി. നേരത്തെ 61,000 കോടി രൂപ അനുവദിച്ചിരുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തിനു കൂടുതൽ കരുതൽ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലെെൻ വിദ്യാഭ്യാസ രീതിക്ക് കൂടുതൽ പ്രധാന്യം നൽകാൻ കേന്ദ്ര സർക്കാർ. ഓൺലെെൻ ആയി പാഠ്യരീതി പരിഷ്‌കരിക്കാൻ തീരുമാനം. ഓൺലെെൻ വിദ്യാഭ്യാസത്തിനായി 12 ചാനലുകൾ അനുവദിക്കും. ഗ്രാമ മേഖലകളിലും ഇത് ഗുണം ചെയ്യും. വിദ്യാഭ്യാസത്തിനു ഇ-കണ്ടന്റുകൾ. കാഴ്‌ച-കേൾവി പ്രശ്‌നമുള്ളവർക്ക് പ്രത്യേക ഇ-കണ്ടന്റുകൾ.

കടമെടുപ്പ് പരിധി ഉയർത്തി

സംസ്ഥാനങ്ങൾക്ക് അവയുടെ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്‌ഡിപി) അഞ്ച് ശതമാനം വരെ നടപ്പ് സാമ്പത്തിക വർഷം കടമെടുക്കാം. നേരത്തേ ഇത് മൂന്ന് ശതമാനമായിരുന്നു. പ്രത്യേക പരിഷ്‌കരണങ്ങളുമായി ബന്ധിപ്പിച്ചാവണം സംസ്ഥാനങ്ങൾ കടമെടുക്കുന്ന തുക ഉപയോഗിക്കേണ്ടത്. തുകയുടെ അഞ്ചിൽ മൂന്ന് ഭാഗം വരെ സംസ്ഥാനങ്ങൾക്ക് അവർ തീരുമാനിക്കുന്ന പ്രകാരം വിനിയോഗിക്കാം. തുടർന്നുള്ള തുകയിൽ പത്തിൽ മൂന്ന് ഭാഗം നാല് ഘട്ടങ്ങളായി നൽകി. അവസാനത്തെ പത്തിലൊന്ന് ഭാഗം സംസ്ഥാനങ്ങൾ കേന്ദ്രം നിർദേശിക്കുന്ന മൂന്ന് ലക്ഷ്യങ്ങളെങ്കിലും പൂർത്തിയാക്കിയാൽ നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.