തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ സർക്കാർ ഇടപെടുമെന്ന് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ജനങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇക്കാര്യം ബജറ്റിൽ പറഞ്ഞതെന്നും തോമസ് ഐസക് പറഞ്ഞു.
“കേരളത്തിൽ ചർച്ച നടക്കണം. അധ്യാപക നിയമനത്തിലെ ക്രമക്കേടുകൾ തിരുത്തപ്പെടണം. വാരിക്കോരി കാശു കൊടുക്കാൻ ഇല്ല. അനധികൃത നിയമനങ്ങളുണ്ടെങ്കിൽ അതു തിരുത്തപ്പെടണം. അനധികൃതമായി ഒന്നുമില്ലെങ്കിൽ സർക്കാർ ഇടപെടലിനെ ഭയപ്പെടുന്നത് എന്തിനാണ്? ഒന്നും അനധികൃതമായി നടക്കുന്നില്ലെന്ന് തെളിയിക്കാൻ സാധിക്കുമോ?” തോമസ് ഐസക് ചോദിച്ചു. യുഡിഎഫ് സർക്കാരാണ് അനധികൃത അധ്യാപക നിയമനത്തിനു വളംവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read Also: ഓർമയില്ലെങ്കിൽ പോയി ചോദിക്കൂ; ബിഗ് ബോസിൽ നിയന്ത്രണം വിട്ട് മോഹൻലാൽ
എയ്‌ഡഡ് സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ബജറ്റിലെ നിർദേശങ്ങൾക്കെതിരെ കെസിബിസിയും മാനേജ്‌മെന്റ് അസോസിയേഷനും നേരത്തെ രംഗത്തെത്തിയിരുന്നു. കെഇആർ ചട്ടം അനുസരിച്ച് നടത്തിയ നിയമനങ്ങളെ അനധികൃത നിയമനങ്ങളായി ചിത്രീകരിച്ചത് ധനമന്ത്രിയുടെ അജ്ഞതയെയാണ് കാണിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡും കുറ്റപ്പെടുത്തി. പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
കെ.എം.മാണിക്ക് സ്‌മാരകം നിർമിക്കാൻ ബജറ്റിൽ അഞ്ച് കോടി അനുവദിച്ചതിനെയും തോമസ് ഐസക് ന്യായീകരിച്ചു. സർക്കാർ രാഷ്ട്രീയ മര്യാദയാണ് കാണിച്ചതെന്നും വിമർശനങ്ങളെ സ്വീകരിക്കുന്നെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.