scorecardresearch
Latest News

ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കണമെന്ന് മന്ത്രി തോമസ് ഐസക്ക്

ഓഖി ദുരിതാശ്വാസത്തിനുളള കേരളത്തിന്രെ പാക്കേജിനെ പരിഹസിച്ച , ജേക്കബ് തോമസിനെതിരായാണ് മന്ത്രി തോമസ് ഐസക്ക് പരിഹാസവുമായി രംഗത്തെത്തിയത്

thomas issac and jacob thomas on okhi

ഓഖി ദുരിത്വാശ്വാസത്തിനുളള പാക്കേജിനെ വിമർശിച്ചുകൊണ്ടുളള പരിഹാസത്തിനെതിരായാണ് ഐസക്ക് രംഗത്തുവന്നത്. ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കണമെന്ന് പറഞ്ഞ ഐസക്ക്, ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുമ്പോൾ ഒന്നാം പാഠത്തിൽ ചുരുക്കാതെ ഗൃഹപപാഠം ചെയ്യണമെന്നും ജേക്കബ് തോമസിനെ ഉപദേശിക്കുന്നു. ഓഖി ദുരിതാശ്വാസത്തിനായുളള സർക്കാരിൻെറ പാക്കേജിനെതിരായ ജേക്കബ് തോമസ് ഉന്നയിച്ച പരിഹാസ വിമർശനത്തിനാണ് ഐസക്കിൻെറ മറുപടി.

അടുത്തിടെ സർക്കാരിനെതിരെ പൊതുവേദിയിൽ പ്രസംഗം നടത്തിയതിന് ഐഎം ജി ഡയറക്ടറായിരുന്ന  ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടുളള ജേക്കബ് തോമസിന്രെ പരാമർശങ്ങളാണ് അദ്ദേഹത്തിന്രെ സസ്പെൻഷന് വഴിയൊരുക്കിയത്.

ഐസക്ക് തന്രെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ എഴുതുന്നു:

“ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

ജേക്കബ് തോമസിന്റെ പാഠം ഒന്നിൽ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്.

ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോൺ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തിൽ തീരദേശത്തിന്റെ ആവാസവ്യവസ്ഥയിൽത്തന്നെ മാറ്റങ്ങൾ അനിവാര്യമാണ്. സിആർഇസഡ് പരിധിയിൽനിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകർഷകമായ ഭൂമി – പാർപ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കിൽ ഇക്കാര്യം ഉൾപ്പെടുന്നില്ല. എന്നാൽ കേരള സർക്കാർ സമർപ്പിച്ച പാക്കേജിൽ പാർപ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിർമ്മാണം തുടങ്ങി വിപുലമായ പദ്ധതികൾക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപ. ചുരുക്കത്തിൽ കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓർക്കുക. 13 വർഷം മുമ്പ് സുനാമി ബാധിതർക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോൾ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണൽ സൈക്ക്ലോൺ മിറ്റിഫിക്കേഷൻ ഫണ്ട് ഇത്തരം സമഗ്രപദ്ധതികൾക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സർക്കാർ സമർപ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങൾ വ്യത്യസ്ത മന്ത്രാലയങ്ങൾക്കും കൂടി സമർപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സർക്കാർ സമർപ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കിൽ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല.

ഗുണപാഠം – ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുമ്പോൾ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തിൽ ഒതുങ്ങരുത്.”

ഇത്രയും എഴുതിയാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

യു ഡി എഫ് സർക്കാരിൻെറ കാലത്തും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ഐ പി എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.  പിണറായി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ജേക്കബ് തോമസിന് ഒപ്പം മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരുന്നു. നിയമസഭയിൽ പോലും ജേക്കബ് തോമസിനെ അനുകൂലിച്ച മുഖ്യമന്ത്രി തന്നെയാണ് ഇപ്പോൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതും. ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്കു ശേഷമാണ് ജേക്കബ് തോമസ് സർക്കാരിൻെറ കണ്ണിലെ കരടായി മാറിയതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thomas issac jacob thomas controversy