ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ മൂന്നാംഘട്ട ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി തോമസ് ഐസക്. സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇതിനായി ധനകാര്യ കമ്മീഷനെ കേന്ദ്രം ഉപയോഗിക്കുകയാണെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

15-ാം ധനകാര്യകമ്മീഷന്‍ പരിഗണനവിഷയങ്ങള്‍ സംബന്ധിച്ച എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു തോമസ് ഐസക്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേ പശ്ചാത്തലത്തിലാണ് 15-ാം ധനകാര്യ കമ്മീഷന്റെ കാര്യവും കാണാനെന്നും അദ്ദേഹം പറഞ്ഞു.

Read More: പാര്‍പ്പിട നിർമാണത്തിന് കൂടുതല്‍ ഇളവുകള്‍; ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ തുക വകമാറ്റാന്‍ തീരുമാനിച്ചാല്‍ കോടതിയില്‍ പോകേണ്ടി വരും. 14-ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഐസക് പറഞ്ഞു.

നേരത്തെ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടേയും മറ്റും സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പത്രസമ്മേളനം.

പരണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു. അതേസമയം, നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Also Read: സാമ്പത്തിക പ്രതിസന്ധി: പണപ്പെരുപ്പം നിയന്ത്രണ വിധേയം, നികുതി സംവിധാനം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി

ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും നിര്‍മല പറഞ്ഞു. നികുതി നടപടികള്‍ ഇനി ഇ-ഫയലിങ്ങിലൂടെ മാത്രമായിരിക്കും. കയറ്റുമതിയ്ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ദുബായ് ഫെസ്റ്റിവല്‍ മാതൃകയില്‍ നാല് കേന്ദ്രങ്ങളില്‍ വാര്‍ഷിക മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം അവസാനം മുതല്‍. ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.