തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്ന സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാര്‍ത്തക്ക് പിന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് തന്നെയെന്ന ആരോപണം മന്ത്രി ആവർത്തിച്ചു. സര്‍ക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡിയെന്നും റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇഡി അയച്ച വാട്സാപ്പ് സന്ദേശം അടക്കം പുറത്തുവിട്ടായിരുന്നു വാർത്ത സമ്മേളനത്തിൽ തോമസ് ഐസക്ക് അന്വേഷണ ഏജൻസിക്കെതിരെ രംഗത്തെത്തിയത്. ഇഡി മാധ്യമങ്ങള്‍ക്ക് വാട്ട്സാപ്പ് മെസേജ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഐസക്ക് പറഞ്ഞു.
“കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സര്‍ക്കാരിനെ കിട്ടില്ല. കേരളത്തിലെ നിയമസഭയുടെ ചട്ടങ്ങളെയും അധികാരങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഇ.ഡിക്ക് ആറാടാന്‍ പറ്റുമെന്ന് കരുതേണ്ട.”
പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇ.ഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള ഈ കുതിരകയറ്റത്തെ കുറിച്ചും നിയമസഭയോടുള്ള അവഹേളനത്തെ കുറിച്ചും എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത്. കിഫ്ബിക്ക് എതിരെ മാത്രമല്ല, കേരളത്തിലെ വികസന പദ്ധതികള്‍ക്ക് എതിരായിട്ട് സിഎജി, ഇഡി, സിബിഐ, എന്‍ഐഎ എന്നിങ്ങനെ എല്ലാവരും സംഘടിതവും ഏകോപിതവുമായി വമ്പിച്ച ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.