തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. അതേസമയം സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് തോമസ് ഐസക് വ്യക്തമാക്കി. സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. പണം നല്‍കാന്‍ സമ്മതമുളളവര്‍ സമ്മതപത്രം നല്‍കിയാല്‍ മതി. അതിന് വിസമ്മതപത്രം നല്‍കണമെന്ന് ഉത്തരവിറക്കിയത് എന്തിനാണ്?. ഇത് ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദുരിതാശ്വാസത്തിന് ജീവനക്കാര്‍ നല്‍കുന്ന പണം അതിനുതന്നെ ഉപയോഗിച്ചുവെന്ന് എന്ത് ഉറപ്പാണ് സര്‍ക്കാരിന് നല്‍കാനാകുകയെന്നും സുപ്രീം കോടതി ചോദിച്ചു. ഒരാള്‍ സഹായം നല്‍കേണ്ടത് അയാളുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം. അതെങ്ങനെയാണ് അടിച്ചേല്‍പ്പിക്കാനാകുകയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സാലറി ചലഞ്ചിലെ ഹൈക്കോടതി വിലക്കിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

പ്രളയത്തില്‍നിന്നും കരകയറാനുളള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് കൊണ്ടുവന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നായിരുന്നു ചലഞ്ച് കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഇതിനോട് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇതോടെ, ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു കോടതി നിര്‍ദ്ദേശം. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത ശമ്പളപ്പിരിവിന് ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.