തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദം കെട്ടടങ്ങുന്നതിനു മുൻപേ ധനമന്ത്രി തോമസ് ഐസക്കും വിവാദത്തിൽ കുടുങ്ങി. ചികിൽസാ ചെലവിന് ഒരു ലക്ഷത്തിലധികം രൂപ ചെലവാക്കിയതാണ് തോമസ് ഐസക്കിനെ കുടുക്കിയത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവയ്ക്കായാണ് മന്ത്രി ഇത്രയും തുക ചെലവാക്കിയത്.
2016 ഡിസംബർ 13 മുതൽ 27 വരെയായിരുന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചികിൽസ. 14 ദിവസത്തെ ആയുർവേദ ചികിൽസയ്ക്കായി 1.20 ലക്ഷം രൂപയാണ് മന്ത്രി ചെലവഴിച്ചത്. എന്നാൽ ചികിൽസാ ചെലവായി മന്ത്രി കാണിച്ചിരിക്കുന്നത് 22,000 രൂപയാണ് എന്നാൽ താമസച്ചെലവായി കാണിച്ചിരിക്കുന്നത് 80,000 രൂപയാണ്. ചികിൽസയ്ക്കായി 14 തോർത്തുകൾ വാങ്ങിയതിന്റെ തുകയും ധമന്ത്രി എഴുതിയെടുത്തതായി മനോരമ ന്യൂസ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും സർക്കാർ ചെലവിൽ വില കൂടിയ കണ്ണട വാങ്ങി വിവാദത്തിൽ അകപ്പെട്ടിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് 50000 ത്തോളം രൂപ വിലവരുന്ന കണ്ണട വാങ്ങിയതാണ് വിവാദത്തിലായത്. വിവരാവകാശ പ്രകാരമുളള രേഖയില്‍ 49,900 രൂപയുടെ കണ്ണട സ്പീക്കർ വാങ്ങിയതായാണ് വിവരം. 45,500 രൂപയാണ് ലെന്‍സിന്റെ വില. 4,25,594 രൂപയാണ് ചികിത്സാ ചെലവിനായി സ്പീക്കര്‍ കൈപറ്റിയതെന്നും വിവരാവകാശ രേഖയിലുണ്ട്.