scorecardresearch

ജലീലിനെ കാണുമ്പോൾ ലീഗുകാരുടെ കണ്ണു പുകയും, തൊണ്ട വരളും; പരിഹസിച്ച് തോമസ് ഐസക്, ജലീലിനു പിന്തുണ

ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തിൽ പേരും ചിത്രവും വരാനും ചാനലിൽ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം

ജലീലിനെ കാണുമ്പോൾ ലീഗുകാരുടെ കണ്ണു പുകയും, തൊണ്ട വരളും; പരിഹസിച്ച് തോമസ് ഐസക്, ജലീലിനു പിന്തുണ

തിരുവനന്തപുരം:  മന്ത്രി കെ.ടി.ജലീലിനു നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ലീഗിനു ജലീൽ മന്ത്രിയായതിന്റെ പകയും ജാള്യതയുമാണെന്ന് തോമസ് ഐസക് പറഞ്ഞു. ജലീലിനെതിരെ നീചവും കുടിലവുമായ അടവുകളോടെയുള്ള പടപ്പുറപ്പാടാണ് ഇപ്പോൾ ലീഗ് നടത്തുന്നതെന്നും അതിനായി ബിജെപിയെയും എസ്‌ഡിപിഐയെയും വെൽഫയർ പാർട്ടിയെയും കൂട്ടുപിടിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. ഇഡി ചോദ്യം ചെയ്‌ത ജലീൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ലീഗ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ലീഗിനെതിരെ തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. ജലീലിനു തോമസ് ഐസക് നിരുപാധിക പിന്തുണയും നൽകുന്നു.

തോമസ് ഐസക്കിന്റെ കുറിപ്പ് പൂർണരൂപം

കെ.ടി.ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും; തൊണ്ട വരളും; മൂക്കു ചുവക്കും..എന്തിനേറെ പറയുന്നു… മേലാസകലമൊരു മനഃപ്രയാസം. കാരണം മനസിലാക്കാവുന്നതേയുള്ളൂ. ലീഗിന്റെ മാടമ്പി രാഷ്ട്രീയം ജലീലിനു മുന്നിൽ തുടർച്ചയായി തോറ്റമ്പുകയാണ്. കുറ്റിപ്പുറത്തേറ്റ പരാജയത്തിന്റെ ഏനക്കേടു തീർക്കാൻതന്നെ ഇനിയും കാലം കുറേയെടുക്കും. അതിന്റെ മീതെയാണ് ജലീൽ മന്ത്രിയായതിലുള്ള പകയും ജാള്യവും.

അങ്ങനെയാണ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ശരിപ്പെടുത്താൻ നീചവും കുടിലവുമായ അടവുകളോടെയുള്ള പടപ്പുറപ്പാട്. അതിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു? ഇടംകൈയിൽ എസ്ഡിപിഐയും വെൽഫയർ പാർടിയിൽ. വലംകൈയിൽ ബിജെപിയുടെ അജണ്ട. കള്ളക്കോലും കള്ളച്ചുവടുകളുമായി അണികളും നേതാക്കളും അഹോരാത്രം പൊരുതുകയാണ്.

ഒരുവശത്ത് ബിജെപിയും മറുവശത്ത് എസ്‌ഡിപിഐയെയും വെൽഫയർ പാർട്ടിയും അണിനിരന്നുള്ള അപകടകരമായ വർഗീയധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഒന്നിച്ച് അയയുകയും മുറുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബിജെപിയും എസ്ഡിപിഐ, വെൽഫയർ സഖ്യവും. അവർക്ക് അടവും ആയുധവും നൽകുന്ന പണിയാണ് ലീഗും യുഡിഎഫും ചെയ്യുന്നത്. ഈ ദുഷ്ടനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും.

Read Also: ‘എന്റെ കൈകൾ ശുദ്ധമാണ്’; വിവാദങ്ങളോട് പ്രതികരിച്ച് കെ.ടി ജലീൽ

അതിനിടയിൽ വെൽഫെയർ പാർടിയുടെ പ്രസ്താവനാത്തമാശ കണ്ടു. ജലീൽ രാജിവെയ്ക്കണമത്രേ. എന്തു കാര്യത്തിനാണാവോ? ജലീലിനെതിരെ കേസു വല്ലതുമുണ്ടോ? എന്താണദ്ദേഹം ചെയ്ത കുറ്റം? ഖുർആൻ കൈപ്പറ്റിയതോ? എന്തൊക്കെ തമാശകളാണെന്നു നോക്കൂ. മാത്രമല്ല, ഈ പാർട്ടികളെയൊക്കെ നിരോധിക്കണമെന്നാണ് ബിജെപിയും സംഘപരിവാറുമൊക്കെ ആവശ്യപ്പെടുന്നത്. അത്തരം നിരോധനഭീഷണി നേരിടുന്നവർ ബിജെപിയെ തൃപ്തിപ്പെടുത്താൻ അവരുടെ അജണ്ടയ്ക്കനുസരിച്ച് പാവ കളിക്കുന്നത്. ഇതൊക്കെ തിരിച്ചറിയാൻ ശേഷിയുള്ളവരാണ് ഈ നാട്ടിൽ ജീവിക്കുന്നത്.

ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തിൽ പേരും ചിത്രവും വരാനും ചാനലിൽ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയിൽ കൊറോണ പിടിച്ചാൽ സർക്കാർ ചെലവിൽ സൗജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല.

ഇനി പറയാനുള്ളത് കേരളത്തിലെ ചില മാധ്യമപ്രവർത്തകരോടാണ്. ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസൻസ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങൾ. നിങ്ങളോട് സംസാരിക്കണമെന്നും സംവദിക്കണമെന്നും നിങ്ങൾക്കാരെയും നിർബന്ധിക്കാനാവില്ല. അതിനായി ശാഠ്യം പിടിക്കാനും. മാധ്യമങ്ങളോട് എപ്പോൾ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കാൻ ജലീലിനും അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.

നിങ്ങൾ തീരുമാനിക്കുന്ന സമയത്തിനും സൗകര്യത്തിനുമൊപ്പിച്ച് ജലീൽ നിന്നു തരണമെന്നൊന്നും വാശിയും ശാഠ്യവും വേണ്ട. അതു നടന്നില്ലെങ്കിൽ ഒടുക്കിക്കളയും എന്ന ഭീഷണിയും വേണ്ട. പെയ്‌ഡ് ജേണലിസത്തിന്റെ ദുർഗന്ധം വമിക്കുന്ന ചോദ്യങ്ങളും വിധിയെഴുത്തും ഒഴിവാക്കണമെന്ന് ഒരാൾ തീരുമാനിച്ചാൽ, അതിനുള്ള അവകാശം കൂടി ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. കെ.ടി.ജലീൽ അത് തുറന്നു പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് പൂർണ പിന്തുണ.

കേരളത്തിലെ പത്ര – ചാനൽ മാനേജ്‌മെന്റുകൾ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആർക്കാണ് അറിയാത്തത്? ഈ വേഷം കെട്ടലുകൾക്ക് പിന്നിലെ ചരടുവലികളൊന്നും ആർക്കും അറിയില്ലെന്നാണോ ധാരണ? അക്കാര്യങ്ങൾ നമുക്ക് ഇലക്ഷനു ശേഷം ചർച്ച ചെയ്യാം.

നിങ്ങളുടെ മാനേജ്‌മെന്റുകൾ സ്വയം വിറ്റു കഴിഞ്ഞിരിക്കുകയാണ്. ചിലർക്ക് കോടിക്കണക്കിന് കിട്ടിയിട്ടുമുണ്ട്. പത്ര മാനേജ്‌മെന്റുകളെ വിലയ്‌ക്കെടുക്കാൻ പയറ്റുന്ന അടവുകൾ കോബ്രാ പോസ്റ്റിലൂടെ വെളിപ്പെട്ടതൊന്നും നിങ്ങൾ അറിഞ്ഞില്ലേ. അതോ ജനം അതൊക്കെ മറന്നു എന്ന് വിഡ്ഢികളുടെ സ്വർഗത്തിലിരുന്ന് സ്വയം ആശ്വസിക്കുകയാണോ? ഏതായാലും യഥാർത്ഥ മാനേജ്‌മെന്റുകൾ കെട്ടിയ ഇടച്ചങ്ങലയ്ക്കുള്ളിൽ നിന്നാണീ കളികൾ എന്നത് മറക്കണ്ട.

അപ്പോഴും നിങ്ങൾക്കൊരു താരതമ്യസ്വാതന്ത്ര്യമുണ്ട്. ഒരു കോമ മാറ്റിയിടാൻ, ഒരു തലക്കെട്ടിനെയും ഇൻട്രോയെയും സത്യസന്ധമാക്കാൻ, വല്ലപ്പോഴുമെങ്കിലും ബിജെപിയ്ക്ക് അസുഖകരമായ ചോദ്യങ്ങൾ ചോദിക്കാൻ ഒക്കെയുള്ള സ്വാതന്ത്ര്യം ഈ ചങ്ങലയ്ക്കുള്ളിൽക്കിടന്നും നിങ്ങൾക്ക് പ്രയോഗിക്കാനാവും.

രാജാവിനെക്കാൾ രാജഭക്തിയോടെ ചാടല്ലേ കുട്ടികളേ…..

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thomas issac against muslim league and supports jaleel

Best of Express