scorecardresearch

പരമ്പരാഗത തൊഴിൽ സംരക്ഷണം: പ്രതീക്ഷയുടെ ഇഴപൊട്ടിയ ഒരു ബജറ്റ് പ്രഖ്യാപനം

2016- 17 ലെ ബജറ്റിൽ പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിന് കൈത്തറി മേഖലയിൽ ആവിഷ്ക്കരിച്ച സ്കൂൾ കുട്ടികളുടെ യൂണിഫോം പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്

2016- 17 ലെ ബജറ്റിൽ പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണത്തിന് കൈത്തറി മേഖലയിൽ ആവിഷ്ക്കരിച്ച സ്കൂൾ കുട്ടികളുടെ യൂണിഫോം പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്

author-image
MK Ramdas
അപ്‌ഡേറ്റ് ചെയ്‌തു
New Update
handloom, kerala budget, thomas issac,

തിരുവനന്തപുരം: പരമ്പരാഗത തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു പദ്ധതികൂടി താളം തെറ്റുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന കൈത്തറി മേഖലയിലെ ഇടപെടല്‍ എന്ന നിലയില്‍ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ദിശതെറ്റുന്നത്. സ്കൂൾ കുട്ടികൾക്ക് കൈത്തറി യൂണിഫോം എന്ന സങ്കൽപ്പവുമായാണ് ​ഈ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

Advertisment

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്  വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്ന് മുതൽ എട്ടാംതരംവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്.  ഈ പദ്ധതിയെ കുറിച്ച്  2016-17 ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അടുത്ത ബജറ്റുമെത്തി പക്ഷേ,   ഈ പദ്ധതി ഇഴപൊട്ടികിടക്കുകയാണ്. ഇതിനിടയിൽ എട്ടാംതരം എന്നത് അഞ്ചാം തരം വരെയാക്കി സർക്കാർ തല തീരുമാനം കഴിഞ്ഞ മാസം വന്നു.

കൈത്തറി വസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ മേഖലയിലെ തൊഴില്‍ സംരക്ഷണം കൂടി സര്‍ക്കാര്‍ ഉന്നംവച്ചു. പരമ്പരാഗത തൊഴില്‍ മേഖലയോടുള്ള ഇടതുപകഷ സമീപനം വ്യക്തമാക്കുന്നതാണ് പ്രഖ്യാപനമെന്ന അവകാശവാദവും വന്നു. തകര്‍ന്നു തരിപ്പണമായ നെയ്ത്തു മേഖല ഈ പദ്ധതിയിലുടെ പുനരുജ്ജീവനം കൈവരിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചു.

publive-image

പദ്ധതി പാളം തെറ്റുന്നു എന്നു മാത്രമല്ല അട്ടിമറിക്കപ്പെടുന്നു എന്നുകൂടി വ്യക്തമാക്കുന്നതാണ് പിന്നീടു കണ്ടതെല്ലാം. ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അങ്ങിനെയെങ്കില്‍ എട്ടാംതരംവരെയുള്ള നാല്പതുലക്ഷത്തോളം കുട്ടികള്‍ക്ക് യൂണിഫോം നല്‍കേണ്ടി വരും.

Advertisment

ഇത്രയും അളവുതുണി നെയ്‌തെടുക്കാന്‍ മുക്കാല്‍ ലക്ഷത്തോളം നെയ്ത്തുകാര്‍ ഒരു വര്‍ഷം ജോലി ചെയ്യേണ്ടി വരും. ഒരു തറിയില്‍ നിന്നും ഒരു ദിവസം നെയ്‌തെടുക്കാവുന്ന പരമാവധി തുണി നാലു മീറ്റര്‍ മാത്രമാണ്.  നാലുമീറ്റിര്‍ വീതം എഴുപത്തി അയ്യായിരത്തോളം തൊഴിലാളികള്‍ നെയ്താലെ ഒരു വര്‍ഷം കൊണ്ട് ഇത്രയും പേർക്ക് ആവശ്യമായ തുണി ഉത്പാദിപ്പിക്കാൻ സാധിക്കുകയുളളൂ. അടുത്ത അധ്യായന വര്‍ഷാരംഭത്തിനു മൂന്നു മാസം മാത്രം അവശേഷിക്കുമ്പോഴും ഇതിനുള്ള തൊഴിൽ ആരംഭിച്ചിട്ടില്ലെന്ന് കൈത്തറി തൊഴിലാളികൾ പറയുന്നു.

ഒരു മീറ്റര്‍ തുണി നെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള കൂലി 40 രൂപയാണ്. ഒരു ദിവസം പരമാവധി നെയ്യാവുന്ന തുണിയുടെ അളവു നാലുമീറ്റര്‍. അതുകൊണ്ട് തൊഴിലാളിക്കു കൂലിയായി ലഭിക്കുക പ്രതിദിനം 160 രൂപ മാത്രം. തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ കൂലി. ഇക്കാരണംകൊണ്ട് നൂലു നല്‍കിയാല്‍ പോലും തൊഴിലാളികള്‍ ഈ ജോലിയേറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നു എന്ന് നെയ്ത് സ്ഥാപനങ്ങൾ നടത്തുന്നവർ അനുഭവം പങ്കുവെയ്ക്കുന്നു. തറി നല്‍കാമെന്ന ജില്ലാവ്യവസായ കേന്ദ്രത്തിന്റെ വാഗ്ദാനം നെയ്ത്തുകാര്‍ നിഷേധിക്കുന്നത് കുറഞ്ഞ വേതനം കൊണ്ടുകൂടിയാണ്.

കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ ചുരുക്കം തൊഴിലാളികള്‍ക്ക് തറി നല്‍കാനേ വ്യവസായം കേന്ദ്രം അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞുള്ളു. ഇങ്ങനെ തറിയോടൊപ്പം നല്‍കിയത് പോളിയസ്റ്റര്‍ നൂലാണ് എന്നതും വിചിത്രമാണ്. ചൈനയില്‍ നിന്നും ഇറക്കുമതി പോളിയസ്റ്റര്‍ നൂലാണ് ഇതെന്ന് ബാലരാമപുരത്തെ നെയ്ത്തുകാര്‍ പറയുന്നു. പരമ്പരാഗത തൊഴില്‍മേഖലയുടെ പുനരുദ്ധാരണമാണ് യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ പരുത്തിനൂല്‍ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കൈത്തറിയെന്ന പേരില്‍ ചൈനാത്തുണിത്തരങ്ങളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ ഹാന്‍ഡ്‌വീവ് വിദേശത്തുണിയാണ് ഖാദിയെന്ന പേരില്‍ വില്പനയ്‌ക്കെത്തിക്കുന്നത്. ഒന്നരലക്ഷം മീറ്റര്‍ തുണി ഈയിടെ മാത്രം ഹാന്‍ഡ്‌വീവ് ഇറക്കുമതി ചെയ്ത് വില്പനയ്‌ക്കെത്തിച്ചതായി കൈത്തറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

'ഇന്ത്യന്‍ ഖാദി വില്പന പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഒറ്റമുണ്ടും നേര്യതും മാത്രമാണ് അല്പമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെടാവുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിയാണ് ഖാദിയെന്ന പേരില്‍ ഇവിടെ വിറ്റഴിക്കുന്നത്. ഖാദിബോര്‍ഡാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്'. കൈത്തറി സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ ആരോപിക്കുന്നു.

publive-image സതീഷ് കുമാർ

"ചര്‍ക്ക വികസനത്തിന്റെ പ്രതീകമാകണമെങ്കില്‍ ഗ്രാമീണ ജീവിതത്തിലേയ്ക്ക് ഇത് സന്നിവേശിപ്പിക്കാനാവണം. അണികളെ പിടിച്ചുനിര്‍ത്താനുള്ള കേവലം മുദ്രാവാക്യങ്ങളായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പരമ്പരാഗത തൊഴില്‍ മേഖലയുടെ പുനരുജ്ജീവനത്തെക്കുറിച്ച് വാചാലരാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മാത്രമല്ല, പ്രധാനമന്ത്രിയുടെ ചര്‍ക്ക പ്രേമവും വ്യര്‍ത്ഥമാകുന്നത് അങ്ങനെയാണ്. ബി.ജെ.പി.യ്‌ക്കോ കോണ്‍ഗ്രസ്സിനോ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പരമ്പരാഗത തൊഴില്‍മേഖലയോടുള്ളതു വിചിത്ര സമീപനങ്ങളാണ്", സതീഷ്‌കുമാര്‍ കുറ്റപ്പെടുത്തുന്നു.

ലക്ഷക്കണക്കിനു നെയ്ത്തുകാര്‍ നിലനില്പ്പിനായി തൊഴിലുപേക്ഷിച്ച് മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുന്നതിനിടയിലും സംസ്ഥാനത്തേയ്ക്ക്  വിദേശ തുണിത്തരങ്ങള്‍ കൈത്തറി ഉല്പന്നങ്ങളെന്ന പേരില്‍ വില്പനയ്‌ക്കെത്തുന്നു. ഓരോ ആഘോഷവേളയിലും പതിനായിരം കോടി രൂപയിലധികം വരും ഇങ്ങനെ എത്തുന്ന തുണിത്തരങ്ങളുടെ മൂല്യം. വിദേശ തുണിത്തരങ്ങള്‍ അതിര്‍ത്തികടന്നെത്തുന്നത് കൈത്തറിയ്ക്കനുവദിക്കുന്ന നികുതിയിളവ് കൂടി നേടിയാണെന്നത് മറ്റൊരു തട്ടിപ്പാണ്. ക്രമവിരുദ്ധമായ ഇത്തരം നടപടികള്‍ക്കെല്ലാം നേതൃത്വം നല്‍കാനോ വഴികാണിക്കാനോ വലിയ ഒരു ലോബി തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീക്കാരുടെയും പൂര്‍ണ്ണ ഒത്താശയോടാണ് ഈ ലോബിയുടെ പ്രവര്‍ത്തനമെന്ന് ബാലരാമപുരത്തെ നെയ്ത്തുകാര്‍ ഉന്നയിക്കുന്ന ആരോപണത്തിന് പഴക്കമേറെയുണ്ട്.  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിഫോം പദ്ധതി വഴിമാറുന്നതിന് പിന്നിലും ഇക്കൂട്ടർക്ക്  പങ്കുണ്ടെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. നൂല്‍ ഇറക്കുമതിയിലൂടെയും നെയ്ത വസ്ത്രങ്ങളുടെ ഇറക്കുമതിയിലൂടെയും കിട്ടാവുന്ന ചാകര ഇടനിലക്കാര്‍ക്ക് മനപ്പാഠമാണ്. ഇവിടെ പ്രായോഗികമല്ലെന്ന് തെളിയിച്ച് വഴി സുഗമമാക്കുകയാണ് ഇവരുടെ രീതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം വിഷയത്തില്‍ അവ ഏതാണ്ട് നിര്‍വ്വഹിച്ചുകഴിഞ്ഞു. ഇനി എളുപ്പം. കമ്മീഷനും ലാഭവും വീതംവയ്പ്പ് മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പരന്പരാഗത തൊഴിലാളികൾ നിരാശയോടെ പറയുന്നു.

ഈ പദ്ധതി നടപ്പായിരുന്നുവെങ്കിൽ 300 കോടി രൂപയുടെ മുതൽമുടക്ക് കൈത്തറി മേഖലയിൽ ഉണ്ടാകുമായിരുന്നുവെന്നും അത് തൊഴിൽ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമായിരുന്നുമെന്നാണ് അവരുടെ വാദം.

Thomas Issac Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: