തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ചോര്‍ന്നതിനെ സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ധനമന്ത്രി തോമസ് ഐസക്ക് ഇറങ്ങിപ്പോയി. ബജറ്റ് ചോര്‍ച്ചയ്ക്ക് ഉത്തരവാദിയാര് എന്ന ചോദ്യത്തോടെ ഏഷ്യാനെറ്റിന്റെ ന്യൂസ് ഹവര്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രകോപിതനായ അദ്ദേഹം ഇറങ്ങിപ്പോയത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അദ്ദേഹത്തെ പ്രകോപിനാക്കിയത്. ഇടയ്ക്ക് കയറി സംസാരിച്ചാല്‍ തുടരില്ലെന്ന് പറഞ്ഞാണ് തോമസ് ഐസക് ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയത്. തോമസ് ഐസക്കിന് ധൃതിയുണ്ടെന്ന് നേരത്തേ പറഞ്ഞതാണെന്ന് അവതാരകന്‍ പറഞ്ഞു.
എന്നാല്‍ തോമസ് ഐസക്കിന്റെ പ്രവൃത്തി വിചിത്രമായിപ്പോയെന്നും ദുഖം രേഖപ്പെടുത്തുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു. ഐസക്കിനെ പോലെ പക്വതയാര്‍ന്ന ഒരാള്‍ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് വിചിത്രമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ദിവസം തോമസ് ഐസക്കിന് അത്ര നല്ല ദിവസമല്ലെന്നും അത്കൊണ്ടായിരിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് വിശദാംശങ്ങള്‍ പ്രസംഗത്തിന് മുമ്പ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ എത്തിയത് ഗൗരവമുള്ളതായി കാണുന്നു. എന്നാല്‍ ഇത് ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നും വീഴ്ച വരുത്തിയ സ്റ്റാഫിനെ മാറ്റിയെന്നും ധനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.