തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പ്രഖ്യാപനങ്ങൾക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ആർബിഐയുടെ പ്രഖ്യാപനങ്ങൾ അപര്യാപ്തമാണെന്ന് അദ്ദേഹം ആരോപിച്ചു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ലെന്നും സുപ്രധാന വിഷയങ്ങളില്‍ ആര്‍ബിഐ മൗനം പാലിക്കുന്നുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

അറുപത് ശതമാനം പണം അധികം നല്‍കുമെന്ന വാഗ്‌ദാനം പൊള്ളയാണ്. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണം. മൊറട്ടോറിയം ഒരു വര്‍ഷം ആക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Read More: സാമ്പത്തിക മേഖല ഗുരുതരാവസ്ഥയിൽ; ആർബിഐ റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു

കോവിഡ് പ്രതിരോധത്തിനായി സംസ്ഥനങ്ങൾക്ക് അറുപത് ശതമാനം അധികഫണ്ട് നൽകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പല മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കുമെന്നും സാമ്പത്തിക രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയർന്നു. 91% എടിഎമ്മുകളും പ്രവർത്തിച്ചു. 2020-21 വർഷത്തിൽ 7.4% വളർച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ ധനലഭ്യത ഉറപ്പുവരുത്തും. ബാങ്കുകൾക്ക് സാമ്പത്തിക ഉത്തേജനത്തിനായി 50,000 കോടി രൂപ അനുവദിക്കും. പണലഭ്യതയും വായ്‌പാ ലഭ്യതയും ഉറപ്പാക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്‌ക്കും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമാക്കും. എന്നാൽ റിപ്പോ നിരക്കിൽ വ്യത്യാസമില്ല. ചെറുകിട മേഖലയ്‌ക്ക് 50,000 കോടി രൂപ അനുവദിക്കും.

ബാങ്കുകളുടെ വായ്‌പാവിതരണത്തിൽ മാറ്റമില്ലെന്ന് ആർബിഐ വ്യക്തമാക്കി. കയറ്റുമതി 34.6 ശതമാനം താഴ്‌ന്നു. രാജ്യത്തെ സമ്പൂർണ അടച്ചുപൂട്ടൽ കാലയളവിൽ 30 ശതമാനം വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ചെറുകിട-ഇടത്തര മേഖലയിൽ വൻ വ്യവസായ ഇടിവ്. വാഹനവിപണിയിലും ഇടിവ് ഉണ്ടെന്ന് ആർബിഐ ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുൾ മൂടിയ കാലത്തിനു ശേഷം തീർച്ചയായും പ്രകാശം വരും. സാമ്പത്തികരംഗം തിരിച്ചുവരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.