കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്. ഇരുമുടിക്കെട്ടിനെ സുരേന്ദ്രന്‍ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ചെന്ന് തോമസ് ഐസക് പറഞ്ഞു. സുരേന്ദ്രന്‍ മനഃപൂര്‍വ്വം ഇരുമുടിക്കെട്ട് നിലത്തിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണും’ എന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടി സഹിതം പിടിക്കപ്പെട്ടാലും ജാള്യതയൊന്നും തോന്നാൻ  സാധ്യതയില്ലെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.

ഒരു തവണ പൊലീസുകാരന്‍ ഇരുമുടിക്കെട്ട് എടുത്ത് നല്‍കി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രന്‍ പ്രതിഷേധിച്ചതോടെ നിര്‍ബന്ധപൂര്‍വം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നല്‍കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂര്‍വ്വം പൊലീസിന്റെ മേല്‍ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാര്‍ത്തയ്ക്ക് സ്‌കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവര്‍ക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. കാരണം, സംഘികള്‍ക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാല്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നല്‍കുന്ന പത്തനംതിട്ട എസ്‌പിയാണ് സിസിടിവി ദൃശ്യത്തിലുള്ളത്.

കൈയ്യോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോള്‍ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടത് യഥാര്‍ത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു

ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.