കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കാര്‍ട്ടൂണിലൂടെ ജാതീയമായി അധിക്ഷേപിച്ച ജന്മഭൂമി പത്രത്തിനെതിരെ മന്ത്രി തോമസ് ഐസക്. കാര്‍ട്ടൂണ്‍ വഴി സംഘപരിവാറിന്റെ പ്രത്യയ ശാസ്ത്രമാണ് ജന്മഭൂമി പ്രസിദ്ധീകരിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

”മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപം നടത്തുന്ന കാര്‍ട്ടൂണ്‍ വഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണ് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ജാതിചേര്‍ത്ത് തെറിവിളിച്ച പത്തനംതിട്ട സ്വദേശിനിയെ നാം മറന്നിട്ടില്ല. ആ നിലവാരമേ തങ്ങള്‍ക്കുള്ളൂ എന്ന് പച്ചയ്ക്കു പറയുകയാണ് സംഘപരിവാര്‍ നേതൃത്വം. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്” തോമസ് ഐസക് പറഞ്ഞു.

സ്വകാര്യസംഭാഷണങ്ങളില്‍ നിന്നുപോലും ജാതി സൂചനയുള്ളതും സ്ത്രീവിരുദ്ധവുമായ ഫലിതങ്ങളെയും കൊച്ചുവര്‍ത്തമാനങ്ങളെയും ഒഴിവാക്കണമെന്ന നിഷ്‌കര്‍ഷയ്ക്ക് പ്രധാന്യമേറി വരുന്ന കാലമാണിത്. അപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രത്തില്‍ ജാത്യാധിക്ഷേപം നുരയ്ക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. സംസ്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.

ജാത്യാധിപത്യത്തിന്റെ അധികാരഘടന അതേപടി ജനാധിപത്യക്രമത്തിലും പ്രതിഫലിക്കണമെന്ന സംഘപരിവാര്‍ ശാഠ്യം ആദ്യമായല്ല വെളിപ്പെടുന്നത്. പ്രാചീനവും പ്രാകൃതവുമായ സാമൂഹ്യവ്യവസ്ഥയിലേയ്ക്ക് നമ്മുടെ ജീവിതത്തെയാകെ മടക്കിക്കൊണ്ടുപോവുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് എത്രയോ തവണ അവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപം നടത്തുന്ന കാര്‍ട്ടൂണ്‍ വഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണ് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ജാതിചേര്‍ത്ത് തെറിവിളിച്ച പത്തനംതിട്ട സ്വദേശിനിയെ നാം മറന്നിട്ടില്ല. ആ നിലവാരമേ തങ്ങള്‍ക്കുള്ളൂ എന്ന് പച്ചയ്ക്കു പറയുകയാണ് സംഘപരിവാര്‍ നേതൃത്വം. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്.

സ്വകാര്യസംഭാഷണങ്ങളില്‍ നിന്നുപോലും ജാതി സൂചനയുള്ളതും സ്ത്രീവിരുദ്ധവുമായ ഫലിതങ്ങളെയും കൊച്ചുവര്‍ത്തമാനങ്ങളെയും ഒഴിവാക്കണമെന്ന നിഷ്‌കര്‍ഷയ്ക്ക് പ്രധാന്യമേറി വരുന്ന കാലമാണിത്. അപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രത്തില്‍ ജാത്യാധിക്ഷേപം നുരയ്ക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. സംസ്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാര്‍?

ജാത്യാധിപത്യത്തിന്റെ അധികാരഘടന അതേപടി ജനാധിപത്യക്രമത്തിലും പ്രതിഫലിക്കണമെന്ന സംഘപരിവാര്‍ ശാഠ്യം ആദ്യമായല്ല വെളിപ്പെടുന്നത്. പ്രാചീനവും പ്രാകൃതവുമായ സാമൂഹ്യവ്യവസ്ഥയിലേയ്ക്ക് നമ്മുടെ ജീവിതത്തെയാകെ മടക്കിക്കൊണ്ടുപോവുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് എത്രയോ തവണ അവര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്കു നേരെ വിശേഷിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുവെയും ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന ആക്രോശങ്ങളിലും മര്യാദകെട്ട ഭര്‍ത്സനങ്ങളിലും വൃത്തികെട്ട ജാതിമേല്‍ക്കോയ്മാവാദമാണ് തിളച്ചു മറിയുന്നത്. അതിനൊരു തെളിവു കൂടി ജന്മഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നേയുള്ളൂ.

ലോകപ്രശസ്തരായ അനേകം കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളം. ശങ്കറും അബു എബ്രഹാമും ഒ.വി.വിജയനും തുടങ്ങി ലോകമറിയുന്ന എത്രയോ പേര്‍. ലളിതമായ വരകളെ ആക്ഷേപഹാസ്യത്തിന്റെയും നിശിതവിമര്‍ശനത്തിന്റെയും കൂരമ്പുകളാക്കി രാഷ്ട്രീയനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും നേരെ തൊടുത്തുവിട്ടവരാണവര്‍. അവരുടെ ശരമേറ്റവര്‍ പോലും അവരെ ആദരവോടെയാണ് പരിഗണിച്ചിരുന്നത്. സമ്പന്നമായ ആ കാര്‍ട്ടൂണ്‍ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.