/indian-express-malayalam/media/media_files/uploads/2017/03/thomas-chandy1.jpg)
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ നിയോഗിച്ചു. കോട്ടയം വിജിലൻസ് എസ്.പിക്കാണ് അന്വേഷണ ചുമതല. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 30 ദിവസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന ആരോപണത്തിൽ ത്വരിതപരിശോധന നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. നിലം നികത്തി അനധികൃതമായി റോഡ് നിർമ്മിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
റിസോർട്ടിലേക്കുള്ള വലിയകുളം സീറോ ജെട്ടി റോഡിന്റെ നിർമ്മാണം അനധികൃതമാണെന്നാരോപിച്ച് ജനതാദൾ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷാണ് കോടതിയെ സമീപിച്ചത്. റിസോർട്ടിലേക്കുള്ള റോഡിനായി ഏകദേശം ഒരു കിലോ മീറ്റർ നിലം നികത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. എംപി ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചതെന്നും സർക്കാർ ഖജനാവിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ആരോപണം ഉണ്ട്.
എന്നാൽ മന്ത്രി കായൽ നികത്തി റോഡ് നിർമ്മിച്ചിട്ടില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരൻ പറയുന്ന സ്ഥലത്തുണ്ടായിരുന്നത് എന്നുമായിരുന്നു സർക്കാർ വാദം. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പടെ ആറോളം പേർ നൽകിയ പരാതി പരിശോധിച്ചുവരികയാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാതെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.