തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിട്ട ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കൈമാറി. പിണറായി മന്ത്രിസഭയില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം.
തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതി കാവേരിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തിനു ശേഷമാണ് രാജിയുടെ കാര്യത്തില്‍ തീരുമാനമായത്. പിന്നാലെ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്ററിന് ചാണ്ടി രാജിക്കത്ത് കൈമാറുകയായിരുന്നു.
ഉപാധികളോടെ രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. രാജിക്കാര്യത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിന്നിരുന്നു.
ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജി ഉടനെ വേണമെന്ന കടുത്ത നിലപാടിലായിരുന്നു മുന്നണി നേതാക്കള്‍. ചാണ്ടി രാവിലെ തന്നെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെങ്കിലും സിപിഐയുടെ കര്‍ശന നിലപാട് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കി.
തന്റെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കോടതി തന്നെ കുറ്റക്കാരനായി കാണുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന കോടതി പരാമർശം ഹൈക്കോടതി വിധിയിൽ ഉണ്ടെങ്കിൽ താൻ ആ സമയം രാജിവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിക്കുളള സമ്മര്‍ദ്ദം ശക്തമായതോടെയാണ് അദ്ദേഹം രാജിക്ക് തയ്യാറായത്.
കേരള ഹൈക്കോടതി തന്റെ ഹർജി തള്ളിയ സാഹചര്യത്തിൽ അപ്പീലുമായി മന്ത്രി തോമസ് ചാണ്ടി പരമോന്നത കോടതിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാകും തോമസ് ചാണ്ടി സുപ്രീം കോടതിയിൽ ഉന്നയിക്കുക. സുപ്രിംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാനാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.
കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനങ്ങൾ വന്നതോടെ തോമസ് ചാണ്ടിക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. ആരോപണം ഉയർന്നപ്പോൾ മുതൽ തോമസ് ചാണ്ടിയെ സംരക്ഷിച്ച സി.പി.എമ്മും മുഖ്യമന്ത്രിയും ഹൈക്കോടതിയുടെ വിമർശനം വന്നതോടെ തോമസ് ചാണ്ടിയെ കൈയൊഴിയുകയായിരുന്നു.