ആലപ്പുഴ: നിലം നികത്തി നിർമ്മിച്ച, തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന് ഉത്തരവ്. ആലപ്പുഴ മുന്‍ കലക്ടറായിരുന്ന ടി.വി.അനുപയുടെ റിപ്പോര്‍ട്ടിനെതിരായി തോമസ് ചാണ്ടി നല്‍കിയ അപ്പീലാണ് കൃഷിവകുപ്പ് തള്ളിയത്. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നായിരുന്നു അപ്പീല്‍.
കലക്ടര്‍ ടി.വി.അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നില്‍ അപ്പീലുമായി പോയത്.
എന്നാല്‍ ടി.വി.അനുപമ നടത്തിയ ഹിയറിങ്ങും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുന്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളിയത്.