കൊച്ചി: എൻസിപി നേതൃയോഗം തീരുമാനം എടുത്തതോടെ, കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക് മന്ത്രിപദവിയിലേക്കുള്ള അകലം കുറഞ്ഞിരിക്കുന്നു. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്നും ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് പറന്നിറങ്ങിയ അദ്ദേഹം മന്ത്രിസ്ഥാനം ഏറെക്കുറെ തീരുമാനിച്ചുറപ്പിച്ചിരുന്നു.

വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് മന്ത്രിയാകാനുള്ള തന്റെ യോഗ്യതകളെ കുറിച്ച് പറയുന്നതിനിടെ ശക്തമായ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരള നിയമസഭയിലെ ഏറ്റവും ധനികനായ എംഎൽഎ യാണ് അദ്ദേഹം. ഗൾഫിൽ അഞ്ച് സ്കൂളുകളുള്ള അദ്ദേഹത്തിന് ആലപ്പുഴയിലെ  പുന്നമട കായലിനോട് ചേർന്ന് ലെയ്ക് പാലസ് റിസോർട്ടുമുണ്ട്.

കുട്ടനാട്ടുകാരുടെ കുവൈത്ത് ചാണ്ടിയാണ് ഈ എംഎൽഎ. കുവൈത്തിൽ ബിസിനസ് ശൃംഖല കെട്ടിപ്പടുത്തതിനെ തുടർന്നാണ് ഈ പേര് ലഭിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ കുവൈത്തിലേക്ക് പോയ അദ്ദേഹം അവിടെ വിദ്യാഭ്യാസ രംഗത്താണ് നിക്ഷേപം നടത്തിയത്.

ആദ്യ കാലത്ത് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയതാണ് തോമസ് ചാണ്ടി. പ്രാദേശിക നേതൃത്വത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ജോലി തേടി ഗൾഫിലേക്ക് പോയ അദ്ദേഹം നാട്ടിൽ എത്തിയപ്പോഴെല്ലാം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.  കെ.കരുണാകരനൊപ്പമായിരുന്നു പാർട്ടിക്കകത്ത് അദ്ദേഹം നിലയുറപ്പിച്ചത്.

ലീഡർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (ഡിഐസി-കെ) സ്ഥാപിച്ചപ്പോൾ അതിനൊപ്പം ചേർന്നു. കുട്ടനാട്ടിൽ ഡിഐസി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ 2006 ൽ അദ്ദേഹം ജയിച്ചുകയറി. കേരള നിയമസഭയിലേക്ക് എത്തിയ ഏക ഡിഐസി അംഗമെന്ന ചരിത്രവും രേഖപ്പെടുതത്തി. പിന്നീട് പാർട്ടി എൻസിപിയിൽ ലയിച്ചപ്പോഴാണ് തോമസ് ചാണ്ടി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരുന്നത്.

കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും തോമസ് ചാണ്ടി എൻസിപിയിൽ നിന്ന് മാറിയില്ല. 2011 ലും കുട്ടനാട്ടിൽ നിന്ന് വിജയിച്ചതോടെ തോമസ് ചാണ്ടി എൻസിപിയിലെ ശക്തനായ നേതാവായി മാറി. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് സംസ്ഥാനത്തെ ഹൈ പവർ കമ്മിറ്റിയിലേക്കും അവിടെ നിന്ന് പാർട്ടിയുടെ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയിലേക്കുമുള്ള വളർച്ച അതിവേഗമായിരുന്നു.

2016 നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങളുടെ കുവൈത്ത് ചാണ്ടിയെ കുട്ടനാട്ടുകാർ കൈവിട്ടില്ല. 50.81 ശതമാനം വോട്ട് നേടി, 8000 വോട്ടിന്റെ ഭൂരിപക്ഷവുമായി അദ്ദേഹം നിയമസഭയിലെത്തി. അവിടെ പാർലമെന്ററി പാർട്ടി നേതാവിന്റെ ചുമതലയായിരുന്നു തോമസ് ചാണ്ടിക്ക്.

എ.കെ.ശശീന്ദ്രൻ ലൈംഗിക ആരോപണ കേസിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതോടെ ആ ചുമതല കൂടി തോമസ് ചാണ്ടിയിലേക്ക് എത്തി. എൻസിപിയ്ക്ക് ആകെയുള്ള രണ്ട് എംഎൽഎ മാർ ഇവരായതിനാൽ തോമസ് ചാണ്ടിക്ക് വെല്ലുവിളി ഉണ്ടായിരുന്നില്ല. അതോടെ എ.കെ.ശശീന്ദ്രൻ തന്നെ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു.  ശശീന്ദ്രനെതിരായ ആരോപണത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ മുനകൾ തോമസ് ചാണ്ടിയിലേക്ക് നീങ്ങുന്നതിനിടയിലാണ്, അത്തരം വാർത്തകളെയെല്ലാം നിഷേധിച്ച് അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് വരുന്നത്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഉത്തരേന്ത്യൻ രാഷ്ട്രീയ ശൈലി പരിചയപ്പെടുത്തിയ ആൾ എന്ന് തോമസ് ചാണ്ടിയെ അടയാളപ്പെടുത്താം. അതിസമ്പനന്നരും വൻ ബിസിനസ് ശൃംഖലയുള്ളവരും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വെന്നിക്കൊടി പാറിക്കുന്നത് അത്ര സാധാരണമായിരുന്നില്ല. പക്ഷെ കുവൈത്ത് ചാണ്ടി ആ ചരിത്രം തന്നെ മാറ്റിയെഴുതി.

2016 നിയമസഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകൾ പ്രകാരം 68.8 കോടിയാണ് തോമസ് ചാണ്ടിയുടെ മാത്രം സമ്പാദ്യം. ഭാര്യയ്ക്ക് 17.85 കോടിയുടെ ആസ്തിയുമുണ്ട്. മക്കൾക്ക് 15.02 ലക്ഷം ആണ് ആകെ ആസ്തി.

വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി എന്നീ രംഗത്താണ് തോമസ് ചാണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ സെൻട്രൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ് അദ്ദേഹം. സൗദി അറേബ്യയിലും അദ്ദേഹം സ്വന്തമായി സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. പുന്നമട കായലിനോട് ചേർന്ന് ലെയ്ക് പാലസ് റിസോർട്ടും ഇദ്ദേഹത്തിന്റെ സ്വന്തം സംരംഭമാണ്.

2011 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് വിജയിച്ച് കയറിയപ്പോഴും ചാണ്ടി സഭയിലെ ഏറ്റവും ധനികനായിരുന്നു. 2011ൽ കുട്ടനാടിൽ നിന്ന് മത്സരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ആസ്തി 42.57 കോടിയായിരുന്നു. ഭാര്യയ്ക്ക് 4.20 കോടി രൂപയുടെ മൂല്യമുള്ള ആസ്തിയുണ്ടായിരുന്നു. ആശ്രിതരുടെ പേരിൽ 1.10 ലക്ഷത്തിന്റെ ആസ്തിയും ഉണ്ടായിരുന്നു.

2011-16 കാലത്തെ നിയമസഭയിൽ കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി എംഎൽഎ ഇടക്കാലത്ത് അസുഖബാധിതനായി.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയി(15.78 ലക്ഷം)ലും അമേരിക്കയിലെ സ്ലൊവാൻ ക്ലെറ്ററിംഗ് കാൻസർ ക്ലിനിക്കിലു(1.74 കോടി)മായി ചികിത്സ നടത്തി. മരുന്നിന്റെ ചിലവുകളടക്കം 1.91 കോടി രൂപയാണ് ഈ മൂന്ന് വർഷങ്ങൾക്കിടയിൽ അദ്ദേഹത്തിന് ചിലവായത്. നിയമഭയിലെ അംഗങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ പദ്ധതിയിൽ പെടുത്തി ഈ തുക മുഴുവനായും സർക്കാർ അദ്ദേഹത്തിന് നൽകി.

സഭയിൽ ഏറ്റവും ധനികനും സ്വന്തം ബിസിനസ് സ്ഥാപനങ്ങളുമുള്ള തോമസ് ചാണ്ടി ചികിത്സ ചിലവ് സർക്കാരിൽ നിന്ന് വാങ്ങിയത് പൊതുവേ വിമർശിക്കപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് എല്ലാ എംഎൽഎ മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ചാൽ ലോകത്ത് എവിടെ നിന്നും ചികിത്സ തേടാനും, അതിന്റെ ചിലവ് സർക്കാരിൽ നിന്നു വാങ്ങാനും നിയമം വഴി അനുവദിച്ചിട്ടുണ്ട്.

ഇതിനാൽ തന്നെ തുക വാങ്ങിയതിൽ നിയമവിരുദ്ധമായി യാതൊന്നും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. അപ്പോഴും ഒരു പൊതുപ്രവർത്തകനുണ്ടാകേണ്ട ധാർമ്മികത സംബന്ധിച്ച് പല കോണുകളിൽ നിന്നും വിമർശനമുയർന്നു.

എന്നിട്ടും 2016 ലെ തിരഞ്ഞെടുപ്പിൽ കുട്ടനാട് തോമസ് ചാണ്ടിയെ കൈവിട്ടില്ല. ആകെ പോൾ ചെയ്ത വോട്ടിന്റെ പാതിയിലധികം സ്വന്തം പേരിലാക്കി അദ്ദേഹം വീണ്ടും എംഎൽഎ ആയി.

പതിയെ അദ്ദേഹം മന്ത്രിപദത്തോട് അടുക്കുകയാണ്. കടക്കെണിയിൽ നിൽക്കുന്ന കെഎസ്ആർടിസി യും നിരക്ക് വർദ്ധന ആവശ്യപ്പെടുന്ന ബസ് ഉടമകളുമാണ് അദ്ദേഹത്തിന്റെ ആദ്യത്തെ വെല്ലുവിളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ