തിരുവനന്തപുരം: കായല്‍ കൈയേറ്റ വിവാദത്തില്‍ പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെച്ചതോടെ പിണറായി വിജയൻ നയിക്കുന്ന മന്ത്രിസഭയിൽ നിന്ന് ഒന്നര വർഷത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയായി മാറി അദ്ദേഹം. സർക്കാർ അധികാരത്തിലേറി അഞ്ച് മാസം പിന്നിട്ടപ്പോൾ ബന്ധു നിയമന വിവാദത്തെ തുടർന്ന് ഇ.പി.ജയരാജൻ രാജിവച്ചിരുന്നു. അശ്ലീല ഫോൺ സംഭാഷണത്തിൽ കുടുങ്ങി എൻ.സി.പിയിലെ തന്നെ എ.കെ.ശശീന്ദ്രനും പിന്നീട് രാജിവച്ചു.

ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടിയുടെ രാജിയോടെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയായ എൻ.സി.പിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നഷ്ടമായി. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും എൻ.സി.പിക്ക് മന്ത്രിയില്ലാത്ത അവസ്ഥയും ഇതോടൊപ്പം ഉണ്ടായി. രാജി വെക്കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് ചാണ്ടിയുടെ ഇപ്പോഴുമുളള നിലപാട്.

മറ്റൊരു ഘടകകക്ഷി എടുത്ത നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്നും ചാണ്ടി പറഞ്ഞു. രാജി വെക്കുന്നെങ്കിലും സീറ്റ് ഒഴിച്ചിടുമെന്നാണ് മുഖ്യമന്ത്രി ചാണ്ടിയെ അറിയിച്ചത്. ആദ്യം കുറ്റവിമുക്തനാകുന്നത് ചാണ്ടിയാണോ ശശീന്ദ്രനാണോ എന്ന് നോക്കിയാണ് മന്ത്രിസ്ഥാനം നല്‍കുക. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ