കൊച്ചി: കായൽ കയ്യേറിയിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആർക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുളള സ്ഥലമാണ് നികത്തിയത്. മാർത്താണ്ഡം കായലിൽ നികത്തിയത് രേഖകളുളള കരഭൂമി. വഴിയിൽ മണ്ണിട്ടത് മാറ്റാൻ തയാറാണ്. വഴി ഏതാണെന്ന് സർക്കാർ കാണിച്ചുതന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടങ്ങൾ അനധികൃതമാണെന്ന ആരോപണത്തിൽ പ്രതികരിക്കാനില്ല. നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ല. തന്റെ വാദം കേൾക്കാതെയാണ് കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു.

ആലപ്പുഴ നഗരസഭയിൽനിന്നും ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഫയൽ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ല. നഗരസഭയുടെ ഉത്തരവാദിത്തമാണ്. രണ്ടോ മൂന്നോ സെന്റ് ഭൂമി കയ്യേറേണ്ട ആവശ്യം തനിക്കില്ല. അങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ