ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയെന്ന വിവരം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ അന്തിമ റിപ്പോര്‍ട്ട് കൈമാറി. മാര്‍ത്താണ്ഡം കായലില്‍ ഭൂമി കൈയ്യേറിയതായി കണ്ടെത്തി. കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. കര്‍ശനമായ നടപടികള്‍ക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നും സൂചനയുണ്ട്.

റവന്യൂ സെക്രട്ടറിക്കാണ് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. റിസോര്‍ട്ടിന്റെ മുന്നിലെ പാര്‍ക്കിങും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി 2014നു ശേഷം ഭൂമിനികത്തല്‍ നടത്തിയിട്ടുണ്ട്. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്. റിസോര്‍ട്ടിനു സമീപത്തെ നീര്‍ച്ചാല്‍ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചതിലൂടെയാണ് ഭൂമി നികത്തിയതായി കണ്ടെത്തിയത്.

മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറി എന്നത് സംബന്ധിച്ച കലക്ടറുടെ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ആരോപണങ്ങൾ മാത്രമാണ് ഉയർന്നിട്ടുളളതെന്നായിരുന്നു സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്

കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും തോമസ് ചാണ്ടിക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. അതിനിടെ അവധിയില്‍ പ്രവേശിക്കാനുള്ള നീക്കത്തിലാണ് തോമസ് ചാണ്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ട് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ