കൊച്ചി: മുൻമന്ത്രിയായ തോമസ് ചാണ്ടി എംഎൽഎയുടെ കായൽ കൈയ്യേറ്റം മനഃപൂർവ്വമല്ലെന്ന് ഹൈക്കോടതി. തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹർജികൾ തീർപ്പാക്കി വിധി പറയുകയായിരുന്നു ഹൈക്കോടതി. ഇപ്പോൾ ഈ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനുളളിൽ സർവ്വേ പൂർത്തിയാക്കണം. സർവ്വേ പൂർത്തിയാക്കി നോട്ടീസ് നൽകി കക്ഷികളെ കേൾക്കണം.
ആലപ്പുഴയിലെ കൈനകരി പഞ്ചായത്തംഗം വിനോദും തൃശൂരിലെ സിപിഐ പ്രവർത്തകനായ മുകുന്ദനുമാണ് ഹർജി നൽകിയയത്. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൈനകരി പഞ്ചായത്തംഗം വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ടിലേയ്ക്ക് റോഡ് നിർമ്മിക്കാൻ കായൽനിലം നികത്തിയെന്നായിരുന്നു കേസ്. ഈ വിഷയത്തിൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കൈയ്യേറ്റം നടന്നതായി കലക്ടറുടെ റിപ്പോർട്ട് വന്നതിനെതിരെ മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് സർക്കാർ നടപടിക്കെതിരെ തോമസ് ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. സർക്കാരിനെതിരെ മന്ത്രിസഭയിലെ ഒരംഗം തന്നെ ഹൈക്കോടതിയെ സമീപിച്ചിത് വിവാദമായിരുന്നു. കോടതിയും ഇക്കാര്യം ഉന്നയിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തോമസ് ചാണ്ടി നിർബന്ധിതനായി.
മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയയെ സമീപിച്ചിരിക്കുകയാണ്. ഇതുവരെ സുപ്രീംകോടതിയിൽ ഈ കേസ് പരിഗണിച്ചിട്ടില്ല. സുപ്രീംകോടതി ജഡ്ജി ഈ കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു.
ഈ മാസം ആദ്യം വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു. വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.