ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന കയ്യേറ്റ ആരോപണങ്ങളിൽ നിർണായക തെളിവെടുപ്പ് ഇന്ന്. നിലം നികത്തല്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറാണ് നിർണായക തെളിവെടുപ്പ് നടത്തുന്നത്. നെല്‍വയല്‍ തണ്ണീര്‍തട നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ലേക് പാലസിന്‍റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടര്‍ക്കാണ് തെളിവെടുപ്പിനുളള നോട്ടീസ് നല്‍കിയിട്ടുളളത്. എംഡിയോ മാനേജരോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ബന്ധുവായ ജോണ്‍ ജോസഫാണ് ലേക് പാലസിന്റെ മാനേജിങ് ഡയറക്ടര്‍. റിസോര്‍ട്ടിന്‍റെ ഭൂമിയും അനുബന്ധ വസ്തുക്കളും ജോസ് മാത്യു മാപ്പളശേരിയുടെ പേരിലുമാണ്. ഇവരില്‍ ആരെങ്കിലുമാകും തെളിവെടുപ്പിന് ഹാജരാവുക.

ലേക് പാലസിന്‍റെ എല്ലാ രേഖകളും ജില്ലാ കലക്ടർ ഇന്ന് പരിശോധിക്കും. ഇന്നത്തെ തെളിവെടുപ്പിന് ശേഷമായിരിക്കും ജില്ലാ കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകുക. ഈ റിപ്പോർട്ടിന് ശേഷം മാത്രമേ മന്ത്രിക്കെതിരെ നടപടി എടുക്കുന്നത് പരിഗണിക്കൂ എന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ