കേരള നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരനാണ് കായൽ കൈയേറ്റത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന മന്ത്രി തോമസ് ചാണ്ടി. കെഎസ്‌യുവിൽ തുടങ്ങി പ്രവാസത്തിലൂടെ ഉയർന്നു വന്ന മുതലാളിയും രാഷ്ട്രീയക്കാരനുമാണ് തോമസ് ചാണ്ടി.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് ബന്ധമാണ് രാഷ്ട്രീയത്തിലെ അടിവര. ടെലികമ്മ്യൂണിക്കേഷനിൽ എൻജിനിയറിങ് ഡിപ്ലോമയാണ് അദ്ദേഹത്തിന്രെ വിദ്യാഭ്യാസ യോഗ്യത. ചെന്നൈയിൽ നിന്നും ഡിപ്ലോമ നേടിയാണ് അദ്ദേഹം പ്രവാസ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്. പിന്നീട് സ്കൂളും റിസോർട്ടും ഒക്കെയായി ബിസിനസ് രംഗത്ത് പച്ചപിടിച്ചു. ആലപ്പുഴ ചേന്നംകരിയിൽ വി.സി.തോമസിന്രെയും ഏലിയാമ്മ തോമസിന്രെയും മകനാണ് തോമസ് ചാണ്ടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 14 ദിവസം കഴിഞ്ഞ 1947 ഓഗസ്റ്റ് 29നായിരുന്ന തോമസ് ചാണ്ടിയുടെ ജനനം.

പ്രവാസ ജീവിതത്തിനിടയിൽ കെ.കരുണാകരന്രെ വിശ്വസ്തനായി. പിന്നീട് ചേന്നംകരിക്കാരൻ ഒരു രാജ്യത്തെ സ്വന്തം പേരിന് മുന്നിൽ ചേർത്ത് അറിയപ്പെടാൻ തുടങ്ങി. കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ, പ്രത്യേകിച്ച് കോൺഗ്രസിന്രെ അകത്തളങ്ങളിൽ കുവൈത്ത് ചാണ്ടി എന്ന പേര് അദൃശ്യത്തിലും ദൃശ്യമായ ഒന്നായിരുന്നു. കുവൈത്തിലെ സ്കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പിന്നീട് ഈ പേര് ഉയർന്ന് കേട്ടത്. പിന്നീട് കേരളത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് മകനും മകളുമായി ഡിഐസി രൂപീകരിക്കുന്ന കാലത്ത് അതിന്രെ പിന്നണിയിൽ നിന്നും ഈ പേര് വീണ്ടും ഉയർന്നു വന്നു. അതിന് ശേഷം കരുണാകരൻ ഡിഐസിയിൽ നിന്നും കോൺഗ്രസിൽ പോയി. പക്ഷേ തോമസ് ചാണ്ടി ഡിഐസിയിൽ തന്നെ നിന്നു.

കേരളാ കോൺഗ്രസിന്റെ ഡോ. കെ.സി.ജോസഫിനെ തോൽപ്പിച്ചാണ് തോമസ് ചാണ്ടി 2006ൽ കുട്ടനാട്ടിൽ നിന്നും ജയിക്കുന്നത്. പിന്നീട് ഡിഐസി എൻസിപിയിൽ ലയിച്ചപ്പോൾ അദ്ദേഹവും എൻസിപിയുടെ ഭാഗമായി. എൻസിപി സ്ഥാനാർഥിയായി കുട്ടനാട്ടിൽ നിന്നും 2011 ലും തോമസ് ചാണ്ടി വീണ്ടും കെ.സി.ജോസഫിനെ തോൽപ്പിച്ചു. 1982 മുതൽ തുടർച്ചയായി അഞ്ച് തവണ ജയിച്ച കെ.സി.ജോസഫിനെയാണ് രണ്ട് തവണ തുടർച്ചയായി തോമസ് ചാണ്ടി തോൽപ്പിച്ചത്. 2016 ൽ  മൂന്നാം തവണയും തോമസ് ചാണ്ടി വിജയിച്ചു. ഇത്തവണ കേരളാ കോൺഗ്രസിന്രെ തന്നെ ജേക്കബ് എബ്രഹാമിനെയാണ് തോൽപ്പിച്ചത്.

കേരളമന്ത്രിസഭയിലെ ഏറ്റവും വലിയ ധനികനാണ് തോമസ് ചാണ്ടി. അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്തിയ ആസ്തി 92 കോടി രൂപയുടേതാണ്. ഇതേസമയം തോമസ് ചാണ്ടി തന്നെയാണ് കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മെഡിക്കൽ റീംഇംബേഴ്സ്മെന്ര് വാങ്ങിയതെന്നും വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു.

പിണറായി മന്ത്രിസഭയിൽ  തോമസ് ചാണ്ടി ജലസേചന മന്ത്രിയാകുമെന്ന് പ്രചാരണമാണ് ആദ്യമേ ഉണ്ടയാത്. എന്നാൽ എൻസിപിയുടെ മന്ത്രി സ്ഥാനം മുതിർന്ന നേതാവായ എ.കെ.ശശീന്ദ്രനായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്രെ രാജിയെ തുടർന്ന് 2017 ഏപ്രിൽ ഒന്നിന് തോമസ് ചാണ്ടി മന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.

ലേയ്ക്ക് പാലസ് റിസോർട്ടിലേയ്ക്ക് വഴിയൊരുക്കുന്നതിനും വാഹന പാർക്കിങ്ങിനുമായി മാർത്താണ്ഡം കായൽ കൈയേറി നികത്തിയെന്നാണ് തോമസ് ചാണ്ടിക്കെതിരായി ഉയർന്ന ആരോപണം. ആലപ്പുഴ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടി ബിസിനസ് പങ്കാളികളും 2008ലെ കേരള നെൽവയൽ നീർത്തട സംരക്ഷമ നിയമം ലംഘിച്ചുവെന്ന് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ