/indian-express-malayalam/media/media_files/uploads/2017/11/thomas-chandy-7-1.jpg)
ചരിത്രത്തിൽ അസാധാരണമായ സ്ഥിതിയിലേയ്ക്ക് കേരളത്തെ എത്തിച്ചത് തോമസ് ചാണ്ടിയുടെ കടുംപിടുത്തം. സർക്കാരിനെതിരെ കോടതിയിൽ പോയതും കോടതി പരാമർശങ്ങളുണ്ടായയിട്ടും മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ തോമസ് ചാണ്ടി തീരുമാനിച്ചതും ആ തീരുമാനത്തിനെതിരെ മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയിലെ മന്ത്രിമാർ തീരുമാനിച്ചതും കേരളത്തിലെ നാളിതുവരെയില്ലാത്ത സംഭവവികാസങ്ങൾക്ക് വഴിയൊരുക്കി. കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ സർക്കാരിനെതിരെ മന്ത്രി ഹൈക്കോടതിയിൽ പോയ ശേഷവും അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചാണ് സിപി ഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടു നിന്നത്. തോമസ് ചാണ്ടിയുടെ നിലപാടുകൾ കനത്ത പ്രഹരമേൽപ്പിച്ചത് കേരളത്തിലെ മുന്നണി സംവിധാനത്തിനും സർക്കാരിനും മാത്രമല്ല, ജനാധിപത്യ സംവിധാനങ്ങൾക്ക് കൂടിയാണ്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് മന്ത്രിസഭയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ സി പി ഐ ഉറച്ചു നിന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി.
സർക്കാരിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചതിനെതിരെ കോടതി ശക്തമായ പരാമർശങ്ങളാണ് നടത്തിയിരുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചും മന്ത്രിസ്ഥാനത്തിരിക്കാനുളള യോഗ്യത പോലും കോടതിയുടെ വിമർശനവാക്കുകളിൽ കടന്നു വന്നു. ഇതോടെ മന്ത്രി തോമസ് ചാണ്ടി മാത്രമല്ല, സർക്കാരും പ്രതിരോധത്തിലായി.
തോമസ് ചാണ്ടി കേസിൽ ആദ്യം മുതൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന റവന്യൂ വകുപ്പ് അതുൾപ്പടെയയുളള കാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചു. മുന്നണിയിലെ കക്ഷികളെല്ലാം തോമസ് ചാണ്ടിക്കെതിരെ ഇടതുമുന്നണിയോഗത്തിൽ വന്നുവെങ്കിലും തോമസ് ചാണ്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുളള ചുമതല മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതിന് ശേഷവും കോടതിയിലെ ഹർജിയുമായി മുന്നോട്ട് പോയ തോമസ് ചാണ്ടി കോടതിയിൽ നിന്നും കനത്തി തിരിച്ചടി കിട്ടിയ ശേഷവും രാജിവെയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
മുന്നണി സംവിധാനത്തിലെ മര്യാദ അനുസരിച്ച് എൻ സി പി തീരുമാനിച്ച് വരട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്രെയും. എന്നാൽ എൻ സി പിയുടെ നിലപാട് തോമസ് ചാണ്ടിക്ക് ഒപ്പം നിന്നു.
തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം സംരക്ഷിക്കാനുളള നീക്കം കേരളത്തിൽ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നിലയിലേയ്ക്ക് എത്തി എന്നാണ് സിപി ഐയുടെ നിലപാട്. ഇതിന്രെ ഏറ്റവും വലിയ തെളിവാണ് മന്ത്രിസഭായോഗത്തിൽ നിന്നും സി പി ഐ യുടെ നാല് മന്ത്രിമാർ വിട്ടു നിന്നത്. തോമസ് ചാണ്ടിയുടെ നിലപാട് മൂലമാണ്. സർക്കാരിനെതിരെ കേസ് നൽകിയ മന്ത്രിക്കൊപ്പം മന്ത്രിസഭായോഗത്തിലിരിക്കാൻ സാധിക്കില്ലെന്ന സിപി ഐയുടെ നിലപാടിന്രെ ഭാഗമായാണ് മന്ത്രിമാർ നാല് പേരും വിട്ടു നിന്നത്. ഇത് അസാധരണമായ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.
മന്ത്രിസഭായോഗം കൂടുന്ന തോമസ് ചാണ്ടി പങ്കെടുക്കുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് സി പി ഐ അറിയിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചതായി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. അസാധരണമായ സംഭവം. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.