തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ നിയമോപദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. ഈ വിഷയത്തിലെ തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിലപാട് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ നിയമോപദേശം കിട്ടുംവരെ കാക്കാൻ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനെതിരെ ആലപ്പുഴ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ എജിയുടെ നിയമോപദേശം സർക്കാർ തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമായത്.
അതേസമയം, തോമസ് ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുളളത്. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്നും തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്. 20 പേജുള്ള റിപ്പോർട്ടാണ് കലക്ടർ നൽകിയിരിക്കുന്നത്.