തൊടുപുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസിൽ നിയമം നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകും. നിലവില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും കാനം പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് മുകളിൽ അല്ലെന്നും റവന്യൂ സെക്രട്ടറി റവന്യൂ മന്ത്രിക്ക് മുകളിലുമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാടുകളിൽ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായം.

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും, മാര്‍ത്താണ്ഡന്‍ കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ (എഎജി) രഞ്ജിത് തമ്പാനെ അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് മാറ്റിയിരുന്നു. പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചു. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ചാണ് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത്.

കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനായിരുന്നു കേസില്‍ ഹാജരായത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം രഞ്ജിത് തമ്പാനില്‍ നിന്നും പ്രസ്താവന വന്നിരുന്നു. തുടർന്ന് വിഷയത്തിൽ റവന്യൂമന്ത്രി ഇടപെട്ടു. കേസിൽ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകി. എന്നാൽ മന്ത്രിയുടെ ആവശ്യം എജി തളളുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.