തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസിൽ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന് തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകി. എന്നാൽ മന്ത്രിയുടെ ആവശ്യം എജി തള്ളി.
കേസിൽ ആര് ഹാജരാകണമെന്നത് എജിയുടെ വിവേചനാധികാരമാണ്. രഞ്ജിത് തമ്പാന് വിഷയത്തിൽ ആക്ഷേപമില്ല. കെ.വി.സോഹൻ തുടരുമെന്നും രഞ്ജിത് തമ്പാനെ ഒഴിവാക്കിയ തീരുമാനത്തിൽ മാറ്റില്ലെന്നും എജിയുടെ ഓഫിസ് വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും. റവന്യൂ മന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ മറുപടി നല്‍കുമെന്നും എജി അറിയിച്ചു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ലേക്ക്പാലസ് കേസിലും, മാര്‍ത്താണ്ഡന്‍ കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് രഞ്ജിത് തമ്പാനെ മാറ്റിയിരുന്നു. പകരം മറ്റൊരു അഭിഭാഷകനെ നിയോഗിച്ചു. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എഎജിയാണ് ഹാജരാകാറുള്ളത്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ചാണ് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ രഞ്ജിത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനായിരുന്നു കേസില്‍ ഹാജരായത്. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം രഞ്ജിത് തമ്പാനില്‍ നിന്നും പ്രസ്താവന വന്നിരുന്നു. തുടര്‍ന്നാണ് കേസില്‍ റവന്യൂമന്ത്രി ഇടപെട്ടത്.