തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെയും ഭൂമി കൈയേറ്റ ആരോപണങ്ങളെ ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ഇതു സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നടുത്തളത്തിലറങ്ങി പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പുന്നമടക്കായൽ കൈയേറി താൻ റിസോർട്ട് നിർമിച്ചെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല, എം.എൽ.എ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഒരു സെന്റ് ഭൂമി എങ്കിലും താന്‍ കൈയേറിയെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ അദ്ദേഹം വെല്ലുവിളിച്ചു. മാധ്യമവാകൃര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തോമസ് ചാണ്ടിയേയും നിയമങ്ങൾ ലംഘിച്ച് പാർക്കിന്റെ നിർമാണ പ്രവർത്തനം നടത്തിയെന്ന നിലന്പൂർ എം.എൽ.എ പി .വി.അൻവറിനേയും പിന്തുണച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകിയത്. തോമസ് ചാണ്ടിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകളുടെ അനുമതി വാങ്ങിയതിന് ശേഷമാണ് അൻവർ പാർക്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാല്‍ എത്ര ഉന്നതനായാലും ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേണമെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്റെ പാർക്ക് പരിശോധിക്കാമെന്ന് അന്‍വര്‍ വ്യക്തമാക്കി. അതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന നിലപാട് സ്പീക്കർ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ