കോട്ടയം: വലിയകുളം – സീറോ ജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു. വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് റിപ്പോർട്ട്.
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് വിജിലൻസ് എസ് പി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. കേസെടുക്കാൻ എന്താണ് തടസമെന്ന് കോടതി ചോദിച്ചു. മുൻമന്ത്രിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരും പ്രതികളാകുന്ന കേസാണിതെന്ന് വിജിലൻസ് എസ് പി പറഞ്ഞു. ഇതോടെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പറഞ്ഞത്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡാണിത്. ഇരുവശത്തെയും പാടത്തിന്റെ ഒരു ഭാഗം നികത്തിയാണ് റോഡ് നിർമ്മിച്ചത്. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സ് എസ്‍പി ശുപാര്‍ശ ചെയ്യുന്നത്.
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ 28 ലക്ഷം രൂപയും രണ്ട് എംപിമാരുടെ ഫണ്ടില്‍നിന്നായി 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് വലിയകുളം – സീറോ ജെട്ടി റോഡ് നിർമ്മിച്ചത്. സമീപത്തെ നിരവധി വീട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന റോഡ് എന്നായിരുന്നു പണമനുവദിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ലേക് പാലസ് റിസോർട്ടിന് മാത്രമാണ് വലിയകുളം-സീറോ ജെട്ടി റോഡ് നിർമ്മാണത്തിലൂടെ ഗുണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.