കൊച്ചി: കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇന്നും രാജിവയ്ക്കില്ല. തന്റെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കോടതി തന്നെ കുറ്റക്കാരനായി കാണുന്നില്ലെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. താൻ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന കോടതി പരാമർശം ഹൈക്കോടതി വിധിയിൽ ഉണ്ടെങ്കിൽ താൻ ആ സമയം രാജിവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

“ഹൈക്കോടതി വിധി തനിക്ക് എതിരല്ല. കേസിൽ എന്റെ ഭാഗം ജില്ല കളക്ടറോട് പറയാൻ എട്ട് ദിവസത്തെ സമയം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താൻ രാജിവയ്ക്‌ക്കേണ്ട സാഹചര്യമില്ല. ഹൈക്കോടതി എന്നെ കുറ്റക്കാരനായി കാണുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ന് രാജിവയ്ക്കില്ല. ഹൈക്കോടതി വിധിയുടെ പകർപ്പ് കൈയ്യിൽ കിട്ടിയ ശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കാം.”, അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതോടെ സാഹചര്യങ്ങൾ മാറിമറിയുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നിലവിലെ സാഹചര്യങ്ങൾ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിലയിരുത്തി. എൻസിപി സംസ്ഥാന സമിതി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതോടെ മന്ത്രിയുടെ രാജി സംബന്ധിച്ച് തീരുമാനം എൻസിപി കേന്ദ്ര കമ്മിറ്റിക്ക് വിട്ടിരുന്നു.

കേരള ഹൈക്കോടതി തന്റെ ഹർജി തള്ളിയ സാഹചര്യത്തിൽ അപ്പീലുമായി മന്ത്രി തോമസ് ചാണ്ടി പരമോന്നത കോടതിയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി തോമസ് ചാണ്ടി ഇന്ന് തന്നെ ഡൽഹിയിലേക്ക് പോകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തത്കാലം യാത്ര മാറ്റിവച്ചു.

കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാകും തോമസ് ചാണ്ടി സുപ്രീം കോടതിയിൽ ഉന്നയിക്കുക. ഇതിനായി തോമസ് ചാണ്ടി ഇന്ന് തന്നെ ഡൽഹിക്ക് പോകും. നിലവിലെ സാഹചര്യത്തിൽ മന്ത്രി രാജിവയ്ക്കണം എന്നതടക്കം രൂക്ഷമായ പരാമർശങ്ങളുള്ള ഹൈക്കോടതി വിധിയെ മറികടന്നാൽ മാത്രമേ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ