ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ട് നിർമാണത്തിനായി മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. രേഖകള്‍ പരിശോധിച്ചതിനു ശേഷമായിരുന്നു കലക്ടറുടെ പ്രതികരണം. ബാക്കി രേഖകള്‍ ഹാജരാക്കാന്‍ ഒക്ടോബർ നാലു വരെ സമയം നല്‍കിയിട്ടുണ്ടെന്നും കായല്‍ വളച്ചു കെട്ടാന്‍ ആര്‍ഡിഒ അനുമതി നല്‍കിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.

നിലംനികത്തില്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഇന്നു തെളിവെടുപ്പു നടത്തിയതിനു ശേഷമായിരുന്നു പ്രതികരണം. നെല്‍വയല്‍ തണ്ണീര്‍തട നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ലേക് പാലസിന്റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടര്‍ക്കാണ് തെളിവെടുപ്പിനുള്ള നോട്ടീസ് നല്‍കിയിയിരുന്നത്.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് എംപിമാരുടേയും ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെയും ഫണ്ട് ഉപയോഗിച്ചു റോഡ് നിര്‍മിച്ചെന്നും മാര്‍ത്താണ്ഡം കായലില്‍ കര്‍ഷകര്‍ക്കായി നല്‍കിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്നുമായിരുന്നു മന്ത്രിക്കെതിരായ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ