തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴു വയസുകാരൻ മരിച്ചു. ഇന്നു 11.35 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മർദനത്തിൽ കുട്ടിയുടെ തലച്ചോറിന് കഠിനമായ ക്ഷതമേറ്റിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്.
”കുട്ടി ഇതുവരെ അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നു. 11.35 ഓടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ മുതൽ കുടലിന്റെ പ്രവർത്തനം മോശമായിരുന്നു. ആഹാരം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നു ഹൃദയമിടിപ്പും പൾസ് റേറ്റും കുറഞ്ഞു. പൊലീസിനെ മരണം വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തുടർനടപടികൾ പൊലീസ് എത്തിയ ശേഷം തീരുമാനിക്കും” കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ.ജി.ശ്രീകുമാർ പറഞ്ഞു.
Read: തൊടുപുഴയില്‍ കുട്ടിക്ക് മര്‍ദനമേറ്റ സംഭവം; അമ്മയ്ക്കെതിരെയും കേസെടുക്കും
10 ദിവസം ജീവിതത്തോട് പോരാടിയശേഷമാണ് ഏഴു വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. മാർച്ച് 28-ാം തീയതി പുലർച്ചെയാണ് ഏഴു വയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മേയ് 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. 2018 നവംബർ 19ന് ഏഴും മൂന്നരയും വയസുള്ള രണ്ട് ആൺമക്കളുമായി ഇവർ അരുണിനൊപ്പം സ്വന്തം നാടായ തൊടുപുഴയിൽ താമസം തുടങ്ങി. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇയാൾ കുട്ടികളെയും യുവതിയെയും ക്രൂരമായി മർദിക്കാൻ തുടങ്ങി.
സംഭവദിവസം രാത്രി ഒന്നരയോടെ അരുൺ യുവതിയെയും കൂട്ടി താമസസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. സ്വന്തം കാറിലായിരുന്നു യാത്ര. യുവതിയാണ് കാർ ഓടിച്ചത്. ഈ സമയം കുട്ടികൾ രണ്ടു പേരും ഭക്ഷണം കഴിക്കാതെ വാടക വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. ഇവരെ മുറിക്കുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടാണ് ഇരുവരും പോയത്. മൂന്നുമണിയോടെ ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തിയ ഇരുവരും കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി ഉണർന്ന് അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു. കുപിതനായ അരുൺ ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവിനും ഇളയ കുട്ടിക്കും മർദനമേറ്റു.
തല തകർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും യുവതിയും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടിക്കിടന്ന മുറിയിൽ ഇളയ കുട്ടി തനിച്ചായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് മാതാവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണതാണെന്ന് അരുണും പറഞ്ഞതിലുള്ള വൈരുദ്ധ്യം മനസിലാക്കി ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് അയയ്ക്കുകയും ചെയ്തു. പൊലീസും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തിലാണ് മർദനവിവരം പുറത്തു വന്നത്. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.