‘കോടികൾ ഉടനെ കൈയ്യിൽ വരും’; കമ്പകക്കാനം കൊലപാതകത്തിൽ കസ്റ്റഡിയിലായ ഷിബുവിന്റെ ശബ്ദരേഖ പുറത്ത്

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിബു അടക്കം മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

തൊടുപുഴ: കമ്പകക്കാനം കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കോടികൾ ഉടനെ കൈയ്യിൽ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ബിസിനസ് ചീഫിന് കൊടുക്കാൻ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെടുന്നുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിബു അടക്കം മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷിബുവിന് തൊടുപുഴയിൽ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായ ഷിബുവിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു കേസുകളുണ്ട്.

അതേസമയം, നിധി കണ്ടെത്തുന്നതിനായി ചിലർ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപ് ഇവർ അടുപ്പിച്ച് വീട്ടിൽ എത്തിയിരുന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ, കൃഷ്ണന്റെ വീട്ടിൽനിന്നും അപരിചിതരായ നാലുപേരുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പല ജില്ലകളിൽ കൊല്ലപ്പെട്ട കൃഷ്ണൻ മന്ത്രിവാദവും നിധി കണ്ടെടുക്കൽ പൂജയും നടത്തിയിരുന്നു. ഇയാൾക്ക് മറ്റു പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.

കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാലു പേരുടെ ദേഹത്തും 10 മുതൽ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകർന്നു.കുത്തേറ്റ് അർജുന്റെ കുടൽമാല വെളിയിൽ വന്നിരുന്നുവെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

വീടിനു സമീപത്തെ ചാണകക്കുഴിയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഒറ്റനോട്ടത്തിൽതന്നെ കണ്ടുപിടിക്കാനാവുന്ന തരത്തിൽ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thodupuzha murder shibu phone call details out

Next Story
ദുല്‍ഖര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണ് ഒരാള്‍ മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com