scorecardresearch

അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്, കൂട്ടക്കൊലപാതകം കൃഷ്‌ണന്റെ മന്ത്രവാദ സിദ്ധി കൈക്കലാക്കാൻ

കൃഷ്ണന്റെ പക്കലുളള മന്ത്രവാദ സിദ്ധിയും താളിയോലകളും സ്വന്തമാക്കുന്നതിനായാണ് കൊല നടത്തിയത്

കൃഷ്ണന്റെ പക്കലുളള മന്ത്രവാദ സിദ്ധിയും താളിയോലകളും സ്വന്തമാക്കുന്നതിനായാണ് കൊല നടത്തിയത്

author-image
WebDesk
New Update
ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച വർഷം, 2018; അരും കൊലകൾ ഇവ

തൊടുപുഴ: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലപാതകത്തിനു പിന്നിൽ രണ്ടുപേരാണെന്ന് പൊലീസ്. അനീഷ്, ലിബീഷ് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാൽ പറഞ്ഞു. കൃഷ്ണന്റെ പക്കലുളള മന്ത്രവാദ സിദ്ധിയും താളിയോലകളും സ്വന്തമാക്കുന്നതിനായാണ് കൊല നടത്തിയതെന്ന് എസ്‌പി വ്യക്തമാക്കി. ലിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Advertisment

കൂട്ടക്കൊലയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. പൂജകളും മന്ത്രവാദവും ഇയാൾ ചെയ്യുമായിരുന്നു. ഒരിടയ്ക്ക് അനീഷ് ചെയ്യുന്ന പൂജകൾ ഒന്നും ഫലിക്കാതെ വന്നു. തന്റെ കൈയ്യിലുളള മാന്ത്രികശക്തി കൃഷ്ണൻ അപഹരിച്ചതിനാലാണ് പൂജകൾ ഫലം കാണാതെ വരുന്നതെന്ന് അനീഷ് ചിന്തിച്ചു. കൃഷ്ണനെ കൊന്നാൽ തന്റെ മന്ത്രശക്തി തിരിച്ചുകിട്ടുമെന്നും ഒപ്പം കൃഷ്ണന്റെ മന്ത്രശക്തിയും കിട്ടുമെന്ന് അനീഷ് കണക്കുകൂട്ടി. അതിന് കൃഷ്ണനെ കൊല്ലാൻ തീരുമാനിച്ചു.

ആറു മാസം മുൻപേ സുഹൃത്ത് ലിബീഷുമായി ചേർന്ന് കൊലപാതകത്തിനുളള പദ്ധതിയിട്ടു. അനീഷും ലിബീഷും 15 വർഷമായി പരിചയമുണ്ട്. ലിബീഷ് തൊടുപുഴയിലാണ് താമസിക്കുന്നത്. ജൂലൈ 29 ഞായറാഴ്ച കൊല നടത്താൻ തീരുമാനിച്ചു. അന്നു രാത്രി അനീഷ് അടിമാലിയിൽനിന്നും തൊടുപുഴയിലെ ബിനീഷിന്റെ വീട്ടിലെത്തി. ബിനീഷിന്റെ വീട്ടിൽ ഭാര്യ മാത്രമാണുളളത്. നാലു മാസം മുൻപായിരുന്നു വിവാഹം.

ഭാര്യയോട് ചൂണ്ടയിടാൻ പോവുകയാണെന്ന് പറഞ്ഞ് അനീഷിന്റെ ബൈക്കിൽ ലിബീഷ് പോയി. ലിബീഷിന് വീട്ടീൽ ടൂ വീലർ വർക്‌ഷോപ്പുണ്ട്. പോകുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ബുളളറ്റിന്റെ ഷോക്കപ് സെർവറിന് അകത്തെ രണ്ടു പൈപ്പ് കൈയ്യിൽ കരുതിയിരുന്നു. രണ്ടുപേരുടെയും ഫോൺ വീട്ടിൽവച്ചു.

Advertisment

മൂലമറ്റത്ത് ചൂണ്ടയിടാൻ പോയി. രണ്ടുപേരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഏകദേശം 12 മണിവരെ ചൂണ്ട ഇട്ടു. പിന്നീട് മുട്ടത്ത് വന്നു. മുട്ടം ബാറിൽ മദ്യപിക്കാൻ നോക്കിയെങ്കിലും ബാർ അടച്ചു. തുടർന്ന് 12 മണിക്കുശേഷം ബൈക്കിൽ കൃഷ്ണന്റെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ഉടൻ ഫ്യൂസ് ഊരി. അവരുടെ കൈയ്യിൽ ടോർച്ച് ഉണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടിൽ എല്ലാവരും ഉറക്കത്തിലായിരുന്നു. കൃഷ്ണനെ എങ്ങനെയെങ്കിലും പുറത്തിറക്കാനായിരുന്നു ശ്രമം. അതിനായി വീട്ടിലെ ആടിനെ അടിച്ചു. കൃഷ്ണന് ആടിനെ ഭയങ്കര ഇഷ്ടമായിരുന്നു. മക്കളെ പോലെ ഓമനിച്ചാണ് കൃഷ്ണൻ ആടിനെ വളർത്തിയിരുന്നത്. ഇത് അനീഷിന് നന്നായി അറിയാമായിരുന്നു.

രണ്ടുപേരും പുറകുവശത്തെ ആടിന്റെ കൂട്ടിന് അടുത്തേക്ക് പോയി. ആടിനെ അടിച്ച് കരയിപ്പിച്ചു. അതിനുശേഷം അടുക്ക വാതിൽക്കലിനു സമീപം പതുങ്ങിനിന്നു. ആടിന്റെ കരച്ചിൽ കേട്ട് കൃഷ്ണൻ ആദ്യം ഇറങ്ങി വന്നു. പൈപ്പ് ഉപയോഗിച്ച് കൃഷ്ണനെ ആദ്യം അനീഷ് അടിച്ചു വീഴ്ത്തി. കൃഷ്ണന്റെ പുറകേ ഭാര്യയും വന്നു. ഭാര്യയെ ലിബീഷ് അടിച്ചു. പക്ഷേ ഭാര്യ കൈ കൊണ്ട് തടുത്തു. എന്നിട്ട് അകത്തേക്ക് ഓടി. പുറകേ പോയി തലയ്ക്ക് അടിച്ചു വീഴ്ത്തി. ഇതിന്റെ പുറകേയാണ് മകൾ വന്നത്. മകളുടെ കൈയ്യിൽ ഒരു കമ്പി വടിയുണ്ടായിരുന്നു. അതുപയോഗിച്ച് മകൾ അടിച്ചു. അനീഷിനാണ് അടി കൊണ്ടത്. അനീഷിന്റെ തല പൊട്ടി. മകൾ ഒച്ച എടുത്തപ്പോൾ അനീഷ് കൈ കൊണ്ട് വാ പൊത്താൻ ശ്രമിച്ചു. മകൾ കടിച്ചു. അപ്പോഴേക്കും അനീഷ് കൈവിട്ടു. മകൾ അകത്തേക്ക് ഓടിയപ്പോൾ പുറകേ ഓടി അടുക്കഭാഗത്തുവച്ച് അടിച്ചു വീഴ്ത്തി. ഈ സമയത്ത് കൃഷ്ണന്റെ മകൻ മുറിയിലായിരുന്നു. ചെറിയ മാനസിക പ്രശ്നമുളള കുട്ടിയാണ്. മകൻ വരുന്നതു കണ്ട് അവനെയും അടിച്ചു. അടി കൊണ്ട മകൻ അകത്തേക്ക് ഓടി. പുറകേ ഓടി മകനെയും അടിച്ചു. പക്ഷേ ഒന്നും പറ്റിയില്ല. അപ്പോൾ അവിടെ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് മകനെ വെട്ടി. എല്ലാവരും മരിച്ചുവെന്ന് ഉറപ്പുവരുത്താൻ പിന്നെയും എല്ലാവരെയും കഠാരയും കത്തിയും ഉപയോഗിച്ച് കുത്തി.

മരണം ഉറപ്പിച്ചശേഷം വീട്ടിൽനിന്നും ആഭരണങ്ങൾ എടുത്തു. പണം തിരഞ്ഞുവെങ്കിലും 3500 രൂപയോളം മാത്രമാണ് കിട്ടിയത്. അപ്പോഴേക്കും നാലു മണിയായി. മകൾ അടുക്കളയിൽ, ഭാര്യ അടുക്കളോട് അടുത്തു ചേർന്ന മുറിയിൽ, മകൻ അകത്തെ മുറിയിൽ, കൃഷ്ണൻ പുറത്ത് എന്നിങ്ങനെയായിരുന്നു ഓരോരുത്തരും കിടന്നിരുന്നത്. കൃഷ്ണനെ ആദ്യം എടുത്ത് ലിവിങ് റൂമിൽ കൊണ്ടുപോയി കിടത്തി. അതിനുശേഷം വെളളം ഒഴിച്ച് മുറിയൊക്കെ കഴുകി. വാതിലുകൾ പൂട്ടിയശേഷം തിരിച്ച് ലിബീഷിന്റെ വീട്ടിൽ പോയി. അതിനുശേഷം വെങ്ങല്ലൂർ കടവിൽ പോയി കുളിച്ചു.

അതിനുശേഷം അനീഷ് വീട്ടിലേക്ക് പോയി. തിങ്കളാഴ്ച വൈകിട്ട് അനീഷ് വീണ്ടും ലിബീഷിന്റെ വീട്ടിൽ എത്തി. മൃതദേഹം മറവു ചെയ്യണമെന്ന് പറഞ്ഞു. അന്നു രാത്രി 11 മണിക്കുശേഷം രണ്ടുപേരും കൃഷ്ണന്റെ വീട്ടിൽ പോയി. ആട്ടിൻ കൂടിന്റെ അടിയിൽ കിടന്ന 2 തൂമ്പ ഉപയോഗിച്ച് കുഴി കുത്തി. അതിനുശേഷം വീട്ടിൽ കയറിയപ്പോഴാണ് മകൻ മരിച്ചിട്ടില്ലെന്ന് മനസ്സിലായത്. മകൻ ലിവിങ് റൂമിൽ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുവായിരുന്നു. അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന വലിയ ചുറ്റിക ഉപയോഗിച്ച് മകന്റെ തലയ്ക്ക് അടിച്ച് കൊന്നത്. എല്ലാവരും മരിച്ചെന്നു ഉറപ്പായശേഷം ശരീരത്തിൽ കിടന്ന ആഭരണങ്ങൾ അഴിച്ചെടുത്തു. മൃതദേഹങ്ങൾ മറവു ചെയ്തു. വീണ്ടും വീട് കഴുകി വൃത്തിയാക്കിയശേഷം തിരിച്ചുപോയി. മൂന്നാമത്തെ ദിവസും അനീഷ് ബിനീഷിന്റെ വീട്ടിൽവന്നു. ഒന്നുകൂടി വീട് കഴുകാമെന്നു പറഞ്ഞുവെങ്കിലും ബിനീഷ് തയ്യാറായില്ല- എസ്‌പി പറഞ്ഞു.

അനീഷ് അടിപിടി കേസിൽ പ്രതിയാണ്. മറ്റു ക്രിമിനൽ പശ്ചാത്തലമില്ല. ബിനീഷിന് തൊടുപുഴയിൽ ഒരു കേസുണ്ടെന്നും എസ്‌പി വ്യക്തമാക്കി. കൃഷ്ണന് അയൽക്കാരുമായോ ബന്ധുക്കളുമായോ ബന്ധമില്ല. ഇത് മനസ്സിലാക്കിയാണ് പ്രതികൾ കൊലപാതകത്തിനുശേഷവും കൃഷ്ണന്റെ വീട്ടിൽ എത്തിയതെന്ന് എസ്‌പി പറഞ്ഞു.

കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ചാണകക്കുഴിയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഒറ്റനോട്ടത്തിൽതന്നെ കണ്ടുപിടിക്കാനാവുന്ന തരത്തിൽ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

Idukki Murder Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: