തൊടുപുഴ: നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ മൂന്നുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലറ പാങ്ങോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവും റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിലായവരിൽ ഉണ്ട്. സാമ്പത്തിക ക്രമക്കേട് കേസുകളിൽ പ്രതികളായവരാണ് ഇവർ. ഇന്നലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൃഷ്ണന്റെ സഹായിയായ തൊടുപുഴ സ്വദേശിയും നെടുങ്കണ്ടം സ്വദേശിയായ സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്.

കൊലപാതകം നടന്ന കമ്പകക്കാനം കാനാട്ടു വീട്ടിൽനിന്നും പ്രത്യേക അന്വേഷണ സംഘം ആയുധങ്ങൾ കണ്ടെത്തി. വിവിധതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വീട്ടിലെ പല മുറികളിലും ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന കത്തിയും ചുറ്റികയും വീട്ടിൽ തന്നെ സൂക്ഷിച്ചിരുന്നവയാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്നും ആയുധങ്ങൾ കണ്ടെത്തിയതിൽനിന്നും കൃഷ്ണൻ എപ്പോൾ വേണമെങ്കിലും തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നിരുന്നതായി പൊലീസ് സംശക്കുന്നുണ്ട്.

കൃഷ്ണന് ആയുധങ്ങൾ പണിതു നൽകിയ ഇരുമ്പു പണിക്കാരനെ പൊലീസ് ചോദ്യം ചെയ്തു. കൃഷിപ്പണിക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെ പല തരത്തിലുളള ആയുധങ്ങൾ പണിയാൻ ആവശ്യപ്പെട്ട് കൃഷ്ണൻ തന്റെ അടുത്ത് എത്തിയിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൃഷ്ണൻ സ്ഥിരമായി അരയിൽ കഠാര സൂക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പൂജകൾക്കിടെ നെല്ല് വകഞ്ഞു മാറ്റാനും മന്ത്രവാദത്തിനിടെ കോഴികളെ അറുക്കാനും കഠാര ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ് കൃഷ്ണൻ. ഇയാൾക്ക് 85-90 കിലോ ഭാരമുളളതായാണ് വിവരം. രണ്ടു ലിറ്റർ ആട്ടിൻപാലും മൂന്നു മുട്ടയും കൃഷ്ണൻ ദിവസവും കഴിക്കാറുണ്ടെന്നാണ് ബന്ധുക്കളിലൊരാൾ പൊലീസിനോട് പറഞ്ഞത്. കൃഷ്ണനും സഹോദരങ്ങളുമായി കുടുംബ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായും ഇതോടെയാണു സഹോദരങ്ങളുമായി അകന്നതെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ പല ജില്ലകളിൽ കൃഷ്ണൻ മന്ത്രിവാദവും നിധി കണ്ടെടുക്കൽ പൂജയും നടത്തിയിരുന്നു. ഇയാൾക്ക് മറ്റു പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.

Read More: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി

കമ്പകക്കാനം കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് വീടിനു സമീപത്തായി കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. ഇവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാലു പേരുടെ ദേഹത്തും 10 മുതൽ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകർന്നു.കുത്തേറ്റ് അർജുന്റെ കുടൽമാല വെളിയിൽ വന്നിരുന്നുവെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

വീടിനു സമീപത്തെ ചാണകക്കുഴിയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഒറ്റനോട്ടത്തിൽതന്നെ കണ്ടുപിടിക്കാനാവുന്ന തരത്തിൽ മണ്ണും കല്ലും ഉപയോഗിച്ചാണ് കുഴി മൂടിയിരുന്നത്.

അതേസമയം, കൊലപാതകത്തിനു പ്രധാനമായും രണ്ടു കാരണങ്ങൾ ഉളളതായാണ് പൊലീസ് സംശയം. ഒന്നുകിൽ മോഷണമോ അല്ലെങ്കിൽ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തർക്കമോ ആകാം. പൂജ നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് കൃഷ്ണൻ ധാരാളം സ്വർണാഭരണങ്ങൾ വാങ്ങുമായിരുന്നു. വീട്ടിൽ നിറയെ സ്വർണം ഉണ്ടെന്ന് അറിയാവുന്ന ആരെങ്കിലും ആകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.