തൊടുപുഴ: ക്രൂര മർദനത്തിന് ഇരയായി ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. അരുണ്‍ ആനന്ദ് മുമ്പും കുട്ടിയെ പീഡനത്തിനും മർദനത്തിനും ഇരയാക്കിയിട്ടുണ്ടെങ്കിലും അമ്മ ഇത് പുറത്ത് പറയാന്‍ തയ്യാറാവാതിരുന്നത് പൊലീസ് സംശയകരമായാണ് കാണുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നത്. 10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന് വിടവാങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരില്‍ അമ്മയുടെ വീട്ടില്‍ മൃതദേഹം സംസ്കരിച്ചു.
Read: മനഃസാക്ഷിയെ മരവിപ്പിച്ച ക്രൂരത; തൊടുപുഴയിൽ ക്രൂര മർദനത്തിന് ഇരയായ ഏഴു വയസുകാരൻ മരിച്ചു
പത്ത് ദിവസത്തോളം ഗുരുതരമായി ആശുപത്രി കിടക്കയിലായിരുന്നെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇന്നലെ വൈകീട്ട് നടന്ന സംസ്കാര ചടങ്ങില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കടക്കം തേങ്ങലടക്കാനായില്ല. തൊടുപുഴ ഡിവൈഎസ്പിയും സിഐയും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് വീട്ടിലേക്ക് എടുത്തപ്പോള്‍ കണ്ടുനിന്ന നൂറുകണക്കിന് ആളുകളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
കുട്ടിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ സുഹൃത്തും പ്രതിയുമായ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി. പോക്സോ കേസില്‍ ഇന്നലെ സാങ്കേതികമായി അരുണ്‍ ആനന്ദിന്റെ അറസ്റ്റും രേഖപ്പെടുത്തി. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കുട്ടിയുടെ അമ്മയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും.